ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു

ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു

ഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായി. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയന് ജി20യിൽ സ്ഥിരാംഗത്വം നൽകി. ഇതോടെ ജി 20, ജി21 കൂട്ടായ്മയാകും. കൊമോറോസ് ആണ് ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ പ്രതിനിധീകരിക്കുന്നത്. കോവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസ രാഹിത്യമുണ്ടായെന്നും റഷ്യ – യുക്രൈൻ യുദ്ധം ഇത് വർധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.മൊറോക്കോ ഭൂചലനത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ രാഷ്ട്രത്തിൻറെ പേര് ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്. ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതി് സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചു. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിലും ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് എഴുതിയത്.രാജ്യം സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇന്ത്യയുടെ അധ്യക്ഷപദം. ജി 20 യിലൂടെ ലോകം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 20 അംഗരാജ്യങ്ങളുടെ തലവന്മാരും ക്ഷണിക്കപ്പെട്ട ഒമ്പത് രാജ്യങ്ങളുടെ ഭരണാധികാരികളും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ 14 ലോകസംഘടനകളുടെ മേധാവികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുട്ടിന് പകരം വിദേശകാര്യമന്ത്രി സെർജി ലവ്റോവ് ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിന് പകരം പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കും. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ,യുകെ പ്രധാനമന്ത്രി ഋഷി സുനക് ,അർജൻറീന പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ് തുടങ്ങിയവർ ഡൽഹിലെത്തി. ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഒരുഭൂമി ഒരു കുടുംബം ഒരു ഭാവി എന്നി വിഷയങ്ങളുടെ ഭാഗമായി ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയവ ചർച്ച ചെയ്യും. സൗഹൃദത്തിൻറെയും സഹകരണത്തിൻറെയും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് നിരവധി നേതാക്കളുമായും പ്രതിനിധി സംഘത്തലവൻമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *