ഇംഫാല്‍: ആദിവാസി ഇതരവിഭാഗമായ മെയ്‌തേയി സമുദായത്തിന് പട്ടികവര്‍ഗ പദവിക്ക് നല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമര്‍ത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണറുടെ ഉത്തരവ്. മണിപ്പബര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ റദ്ദാക്കി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാതെ ഒരു തീവണ്ടിയും മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ബി. ജെ. പി എം. എല്‍. എക്ക് ഗുരുതര പരിക്കേറ്റു. കലാപകാരികളുടെ ആക്രമണത്തിലാണ് എം. എല്‍എ വുംഗ്‌സാഗിന്‍ വല്‍തയ്ക്ക് പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന എം. എല്‍. എയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി ബീരേന്‍ സിങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങവേയാണ് അദ്ദേഹത്തിനു നേരെ അക്രമമുണ്ടായത്. കുകി വിഭാഗക്കാരനായ അദ്ദേഹം കഴിഞ്ഞ ബി. ജെ. പി സര്‍ക്കാരില്‍ ഗോത്രവര്‍ഗകാര്യ മന്ത്രിയായിരുന്നു. സംഘര്‍ഷത്തിനിടെ പൊലീസ് ട്രെയിനിംഗ് കോളെജില്‍ കടന്ന അക്രമികള്‍ ആയുധങ്ങള്‍ കവര്‍ന്നത് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് ഇന്ന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. നാഗാലാന്‍ഡില്‍ നിന്ന് അടക്കമുള്ള സൈനികരെയാണ് മണിപ്പൂരിലേക്ക് അയക്കുക. കലാപത്തെ തുടര്‍ന്ന് ഒന്‍പതിനായിരം പേരെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികള്‍ തകര്‍ത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്. സംഘര്‍ഷ മേഖലകളായ ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഇന്നും തുടരും.
കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് നിയോഗിക്കുന്നതിനൊപ്പം വ്യോമസേന വിമാനത്തില്‍ ദ്രുത കര്‍മസേനയെയും മേഖലയില്‍ എത്തിച്ചിട്ടുണ്ട്. കലാപ മേഖലകളില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
