കോഴിക്കോട്: വിഷു, റംസാന്‍, ഈസ്റ്റര്‍ സമ്മാനമായി മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി നാലു കോടി രൂപ നല്‍കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ മില്‍മ മലബാര്‍ മേഖലാ യൂണിയനു കീഴിലുള്ള സംഘങ്ങളില്‍ നിശ്ചിത ഗുണനിലവാരമുള്ള പാല്‍ നല്‍കിയവര്‍ക്കാണ് അധിക വില ലഭിക്കുക. യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്ക് ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അമ്പത് പൈസയും പരമ്പരാഗത ക്ഷീര സംഘങ്ങള്‍ക്ക് ലിറ്ററിന് ഒരു രൂപയും അധിക പാല്‍ വിലയായി ലഭിക്കും. പ്രതിദിനം 6.5 ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ മില്‍മ സംഭരിക്കുന്നത്. ഇതു പ്രകാരം മാര്‍ച്ച് മാസത്തില്‍ സംഭരിച്ച പാലിന് അധിക വിലയായി നാലു കോടി രൂപ ക്ഷീര കര്‍ഷകരില്‍ എത്തിച്ചേരും. മലബാര്‍ മില്‍മ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
അധിക പാല്‍വില കൂടിയാവുമ്പോള്‍ ഒരു ലിറ്റര്‍ പാലിന് മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന വില 49.17 രൂപയാവും. ഈ സാമ്പത്തിക വര്‍ഷം അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും 34 കോടി രൂപയാണ് മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറിയത്. മില്‍മ കാലിത്തീറ്റക്ക് നല്‍കുന്ന സബ്സിഡി ഏപ്രില്‍ മാസത്തിലും തുടരും. മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 150 രൂപ വീതം സബ്സിഡി നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി എന്നിവര്‍ അറിയിച്ചു.
