അട്ടപ്പാടി മധുവധക്കേസ്: പ്രതിപ്പട്ടികയിലെ 16ല്‍ 14 പേരും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

അട്ടപ്പാടി മധുവധക്കേസ്: പ്രതിപ്പട്ടികയിലെ 16ല്‍ 14 പേരും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതിപ്പട്ടികയിലെ 16ല്‍ 14 പേരും കുറ്റക്കാരെന്ന് കോടതി. പ്രതിപ്പട്ടികയിലെ രണ്ട് പേരെ വെറുതെ വിട്ടു. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയുമാണ് വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്ന് പ്രതികളൊഴികെ ബാക്കിയുള്ളവര്‍ക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെയുള്ള 304(2) വകുപ്പ് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പതിനാറാം പ്രതിക്കെതിരെ 352 വകുപ്പ് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. കേസില്‍ ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ ആകെ 16 പ്രതികളാണുള്ളത്. പ്രതികളെല്ലാവരും കോടതിയില്‍ എത്തിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

  • ഹുസൈന് മുക്കാലി ജംഗ്ഷനില്‍ ഒരു കടയാണുള്ളത്. ഈ കടയില്‍ നിന്ന് മധു സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു എന്നാണ് ആരോപണം. 12 പ്രതികള്‍ മധുവിനെ കാട്ടിലേക്ക് പോയി തിരിച്ച് കൊണ്ടുവരുന്നു. മുക്കാലിയില്‍ മധുവിനെ എത്തിച്ചപ്പോള്‍ ഹുസൈനും അവിടേക്ക് എത്തി. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിര്‍ത്തി മധുവിനെ വിചാരണ ചെയ്യുന്നതിനിടെ ഹുസൈന്‍ മധുവിന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടുകയായിരുന്നു. ഈ ചവിട്ടേറ്റാണ് മധു തലയിടിച്ച് വീഴുന്നത്. ഈ വീഴ്ചയിലുണ്ടായ ആഘാതം മധുവിന്റെ മരണത്തിലേക്ക് നയിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഹുസൈനെതിരെ സാക്ഷിമൊഴിയാണ് ഏറ്റവും നിര്‍ണായകമായത്. ഹുസൈന്‍ മധുവിനെ ചവിട്ടി വീഴ്ത്തുന്നത് കണ്ട സുരേഷ് ഹുസൈനെതിരെ മൊഴി നല്‍കിയിരുന്നു.

  • രണ്ടാം പ്രതി മരയ്ക്കാറാണ് 12 അംഗ സംഘത്തിന് നേതൃത്വത്തിന് നല്‍കിയത്. മധു കാട്ടിലുണ്ടെന്ന് അറിഞ്ഞ മരയ്ക്കാര്‍ മറ്റ് പ്രതികളേയും കൂട്ടി കാട്ടിലേക്ക് പോകുന്നത്. മനപൂര്‍വ്വം ആക്രമിക്കണമെന്ന ലക്ഷ്യത്തില്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മരയ്ക്കാറാണ്. റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ മധുവിനെ പിടിച്ചു കൊണ്ടു വരുന്നത്. ഡിജിറ്റല്‍ തെളിവുകളാണ് മരയ്ക്കാറിനെതിരെ നിര്‍ണായകമാകുന്നത്.

  • മൂന്നാം പ്രതി ഷംസുദ്ദീന്‍. ഷംസുദ്ദീന്റെ ബാഗ് കീറിയാണ് മധുവിന്റെ കൈകള്‍ കെട്ടുന്നത്. ഷംസുദ്ദീന്‍ വടി കൊണ്ട് മധുവിനെ ക്രൂരമായി അടിക്കുകയും ചെയ്തു. മധുവിന്റെ രണ്ടാമത്തെ വാരിയെല്ല് ഒടിഞ്ഞത് ഈ അടിയിലാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. മധു ഓടിപ്പോകാതിരിക്കാന്‍ ഷംസുദ്ദീന്‍ കയ്യില്‍ കെട്ടിയ സിബ്ബില്‍ പിടിച്ച് വലിച്ച് കൊണ്ട് വന്നതും ഷംസുദ്ദീനാണ്.

  • നാലാം പ്രതി അനീഷിനെ കോടതി മാറ്റി നിര്‍ത്തി. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. മധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് അനീഷാണ്. സമൂഹമാദ്ധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നത് മാത്രമാണ് അനീഷിനെതിരായ കുറ്റി. അഞ്ചാം പ്രതി രാധാകൃഷ്ണന്‍ ഉടുമുണ്ട് അഴിച്ച് മാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പ്രോസിക്യൂഷന്‍ വാദമാണ് അംഗീകരിച്ചത്.

  • ആറാം പ്രതി അബൂബക്കറും ഏഴാം പ്രതി സിദ്ദീഖും സമാനമായ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കണ്ടെത്തല്‍. മധുവിനെ കാട്ടില്‍ നിന്ന് കൊണ്ടുവരുന്ന സംഘത്തില്‍ ഇരുവരും ഉണ്ടായിരുന്നു. ഇരുവരും മധുവിനെ മര്‍ദ്ദിച്ചിരുന്നു. എട്ടാം പ്രതി ഉബൈദും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും, മധുവിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഒന്‍പതാം പ്രതി നജീബും മധുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. പ്രതികള്‍ നജീബിന്റെ ജീപ്പിലാണ് പ്രതികള്‍ മധുവിനെ പിടിക്കാനായി കാട്ടിലേക്ക് പോയത്.

  • പത്താം പ്രതി ജൈജുമോനാണ് മധുവിന്റെ ഗുഹയില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് എടുത്ത് വച്ച് നടത്തിക്കുന്നത്. നാല് കിലോമീറ്ററോളം ദൂരം പ്രതികളുടെ ദേഹോപദ്രവം ഏറ്റുകൊണ്ടാണ് മധു നടക്കുന്നത്. പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനേയും കോടതി വെറുതെ വിട്ടിട്ടുണ്ട്. മുക്കാലിയില്‍ വച്ച് മധുവിനെ കള്ളാ എന്ന് വിളിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. നേരത്തെ ഇയാള്‍ക്കെതിരെ സാക്ഷിമൊഴി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇയാള്‍ മൊഴി മാറ്റിയിരുന്നു.

  • പന്ത്രണ്ടാം പ്രതി സജീവ് മറ്റു പ്രതികള്‍ക്കൊപ്പം കാട്ടില്‍ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാന്‍ സഹായിച്ചു, മധുവിനെ ദോഹോപദ്രവം ഏല്‍പ്പിച്ചു തുടങ്ങിയ കുറ്റമാണ് കോടതി അംഗീകരിച്ചത്. പതിമൂന്നാം പ്രതി സതീഷും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പന്ത്രണ്ട്, പതിമൂന്ന് പ്രതികള്‍ക്കെതിരെ സമാനമായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പതിനാലാം പ്രതി ഹരീഷ് വണ്ടിത്താവളത്തില്‍ വച്ചാണ് മധുവിനെ പിടിച്ചു കൊണ്ടു വരുന്ന സംഘത്തില്‍ ചേരുന്നത്. നടക്കുന്ന വഴിയില്‍ ഇയാളുടെ മര്‍ദ്ദനവും മധുവിന് ഏല്‍ക്കേണ്ടതായി വന്നു.

  • പതിനഞ്ചാം പ്രതി ബിജു മധുവിന്റെ മുതുകില്‍ ഇടിക്കുകയും, മധുവിന്റെ കയ്യില്‍ കെട്ടിയ സിബ്ബില്‍ പിടിച്ച് നടത്തിക്കുകയും ചെയ്തു. പതിനാറാം പ്രതി മുനീറും മുക്കാലിയിലെത്തിയപ്പോള്‍ ആള്‍ക്കൂട്ട വിചാരണയുടെ ഭാഗമായിരുന്നു. കാട്ടിലേക്ക് പോയില്ലെങ്കിലും മുക്കാലിയില്‍ വച്ച് ഇയാള്‍ മധുവിനെ അവഹേളിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *