കേരളം പിടിക്കുമെന്ന മോദിയുടെ മോഹം അതിരുകവിഞ്ഞത്; പരിഹസിച്ച് മുഖ്യമന്ത്രി

കേരളം പിടിക്കുമെന്ന മോദിയുടെ മോഹം അതിരുകവിഞ്ഞത്; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ വിജയത്തെതുടര്‍ന്ന് കേരളത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജയത്തിന് ശേഷം ഇനി കേരളം ലക്ഷ്യമമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയാണ് സജീവ രാഷ്ട്രീയ ചര്‍ച്ച. നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സി.പി.എമ്മും കോണ്‍ഗ്രസും ഒരു പോലെ രംഗത്തെത്തുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ കണ്ട് കേരളത്തില്‍ പ്രതീക്ഷ വയ്ക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. സി.പി.എമ്മും ബി.ജെ.പിയും ഗൂഢസഖ്യമുണ്ടാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *