കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനം പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ഏത് നിലയ്ക്കുള്ള സഹകരണത്തിനും സംസ്ഥാനം തയാറാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റണ്‍വേ വികസനത്തിനായി അടിയന്തരമായി വേണ്ട പതിനാലര ഏക്കര്‍ സ്ഥലം ആറ്മാസത്തിനുള്ളില്‍ തന്നെ എത്ര തുക ചിലവായാലും ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാനം തയാറായാത് ഇതിന് ഉദാഹരണമാണ്. അനുമതി ലഭിക്കുകയായിരുന്നുവെങ്കില്‍ കെ.റെയില്‍ ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലമെടുപ്പ് അടക്കം പൂര്‍ത്തിയാക്കി പദ്ധതിക്ക് തുടക്കം കുറിക്കുമായിരുന്നു.
എന്നാല്‍ 49 ശതമാനം ഓഹരിയുള്ള റെയില്‍വേ പോലും രാഷ്ട്രീയ കാരണങ്ങളാല്‍ പദ്ധതിയോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഇനിയൊരു ദേശീയപാത വികസനം അടക്കം പ്രയാസകരമായ സംസ്ഥാനത്ത് കെ.റെയില്‍ പോലുള്ള പദ്ധതിയേ പ്രായോഗികമാകുകയുള്ളൂ. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍, ഹൈ സ്പീഡ് ട്രെയിന്‍ എന്നിവ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ കേരളത്തെ അവഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പുതുതായി രണ്ട് സ്റ്റേഡിയം കൂടി നിര്‍മിക്കും. 70 കോടി രൂപയുടെ അന്തര്‍ ദേശീയ സ്റ്റേഡിയത്തിനായി രാമനാട്ടുകരയില്‍ സ്ഥലം ലഭ്യമായാലുടന്‍ പണി തുടങ്ങും.
ചേവായൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണവും സാങ്കേതിക തടസ്സം നീങ്ങിയാല്‍ തുടങ്ങും. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സ്ഥലത്ത് സ്‌പോര്‍ട്‌സ് സിറ്റിയ്ക്ക് ബിര്‍ള ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ നിക്ഷേപമാകാം എന്നാല്‍ പൊതുമേഖലയടക്കം പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കുന്നതിനാണ് എതിര്‍പ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചേംബര്‍ പ്രസിഡന്റ് റാഫി പി.ദേവസ്സി അധ്യക്ഷത വഹിച്ചു. മുന്‍ ചേംബര്‍ പ്രസിഡന്റുമാരായ സി.ഇ ചാക്കുണ്ണി, സുബൈര്‍ കൊളക്കാടന്‍ , ടി.പി അഹമ്മദ് കോയ , ഐപ്പ് തോമസ്, എം.മുസമ്മില്‍ പ്രസംഗിച്ചു. ഡോ.കെ മൊയ്തു സ്വാഗതവും സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു.
