മഴയില്‍ വെള്ളത്തിലായി കല്ലാച്ചി ടൗണ്‍; ഡ്രെയിനേജ് വൃത്തിയാക്കി പഞ്ചായത്ത്

മഴയില്‍ വെള്ളത്തിലായി കല്ലാച്ചി ടൗണ്‍; ഡ്രെയിനേജ് വൃത്തിയാക്കി പഞ്ചായത്ത്

നാദാപുരം: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളത്തിലായ കല്ലാച്ചി ടൗണില്‍ ഡ്രെയിനേജ് വൃത്തിയാക്കി പഞ്ചായത്ത്. നേരത്തെ ഡ്രെയിനേജില്‍ നിന്നുള്ള വെള്ളം മാര്‍ക്കറ്റ് പരിസരത്തെ കടകളില്‍ കയറിട്ടുണ്ടായിരുന്നു. സ്വകാര്യ ഭൂമിയില്‍ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് പാഴ് വസ്തുക്കള്‍ ഒലിച്ചിറങ്ങി ഡ്രെയിനേജ് അടഞ്ഞു പോയതിനാലാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമസ്ഥനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഡ്രെയിനേജില്‍ അടിഞ്ഞുകൂടിയ മണ്ണും മറ്റു പാഴ് വസ്തുക്കളും സ്ലാബ് നീക്കം ചെയ്ത് എടുത്തുമാറ്റി.

തുടര്‍ന്ന് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് വീണ്ടെടുത്തു. രണ്ട് ദിവസമായി പെയ്യുന്ന മഴയുടെ തീവ്രത കാരണം ഡ്രെയിനേജില്‍ നിന്ന് വെള്ളം ഒഴുകി പൊതു റോഡിലേക്ക് എത്തിയിരുന്നു. പത്താം വാര്‍ഡ് മെമ്പറും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും പഞ്ചായത്തില്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധന നടത്തി നടപടി സ്വീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ നിന്ന് അമിതമായി വെള്ളം ഡ്രെയിനേജിലേക്ക് ഒഴുക്കി വിട്ടാല്‍ കേരള പഞ്ചായത്ത് രാജ് നിയമം 219 കെ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതാണ് സെക്രട്ടറി അറിയിച്ചു. ഡ്രെയിനേജ് വൃത്തിയാക്കുവാന്‍ വേണ്ടിവന്ന ചിലവ് മുഴുവനും നിര്‍മാണം നടത്തുന്ന കെട്ടിട ഉടമസ്ഥനില്‍ നിന്നാണ് പഞ്ചായത്ത് ഈടാക്കിയത്. ഫീല്‍ഡ് പരിശോധനയില്‍ അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *