വി.കെ കൃഷ്ണമേനോന്റെ ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്‍കണം: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള

വി.കെ കൃഷ്ണമേനോന്റെ ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്‍കണം: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ചരിത്രത്തോട് നീതി കാണിക്കാന്‍ നമുക്ക് സാധിക്കണമെന്നും തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമായ ചരിത്രത്തെ അടുത്ത തലമുറക്ക് വേണ്ടി കാത്ത് സൂക്ഷിക്കാന്‍ സാധിക്കണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. വി.കെ കൃഷ്ണമേനോന്‍ എന്ന വിശ്വപൗരനെ വേണ്ടത്ര ഓര്‍ക്കാന്‍ മലയാളികള്‍ക്കോ, പ്രത്യേകിച്ച് കോഴിക്കോടിനോ സാധിച്ചിട്ടില്ല. വി.കെ കൃഷ്ണമേനോന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെടുന്ന വി.കെ കൃഷ്ണമേനോന്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ പിറക്കുകയാണോ നിര്‍മിക്കപ്പെടുകയാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ജന്മംകൊണ്ട് കഴിവുള്ളവര്‍ നാടിനെ നയിക്കുന്നു.

എന്നാല്‍ സാമൂഹിക സാഹചര്യങ്ങളിലും നേതാക്കള്‍ ഉയര്‍ന്നുവരും. ലീഡര്‍ ആര്‍ട്ട് ഓഫ് ലിവിങ്ങാണ്. അക്കാദമിക് യോഗ്യതകൊണ്ട് നേതാവാകാനാവില്ല. കൃഷ്ണമേനോന്‍ രണ്ടര്‍ഥത്തിലും നേതാവാണ്. രാജ്യത്തിനകത്തും പുറത്തും മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് വി.കെ കൃഷ്ണമേനോന്‍ മാത്രമാണ്. അദ്ദേഹം ബ്രിട്ടനിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മത്സരിച്ച് അധികാര സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. ചരിത്രവ്യക്തികളെ ഓര്‍ക്കുന്നതില്‍ മലയാളി പിറകോട്ട് പോകരുത്. ലോകത്തിലെ ആദ്യത്തെ വനിതാ ജഡ്ജി മലയാളിയാണ്. ആദ്യത്തെ വനിതാ സര്‍ജന്‍ മലയാളിയാണ്. ആദ്യത്തെ വനിതാ സൈക്യാട്രിസ്റ്റ് മലയാളിയാണ്. ഇതെല്ലാം പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ.

സമൂഹത്തില്‍ യുക്തിയുള്ളവര്‍, വൈകാരികതയുള്ളവര്‍ ഈ രണ്ടു വിഭാഗത്തേയും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കേണ്ടവരാണ് രാഷ്ട്രീയക്കാര്‍. മുന്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍ കലാം കേരളത്തിലെ രാഷ്ട്രീയ അതിപ്രസരത്തെ കുറിച്ചു പറഞ്ഞത് ഇന്നും പ്രസക്തമാണ്. രാഷ്ട്രീയ അതിപ്രസരംകൊണ്ട് നാം വികസനത്തില്‍ താഴേക്ക് പോവുകയാണ്. രാഷ്ട്രീയത്തില്‍ എതിരാളിയെ ആശയം കൊണ്ടാണ് നേരിടേണ്ടത്. ശത്രുക്കള്‍ ഉണ്ടാകരുത്. ഇന്ത്യയുടെ മാനവ ബിന്ദുക്കളായ ടാഗോറും വിവേകാനന്ദ സ്വാമികളും കേരളം സന്ദര്‍ശിക്കുകയും ടാഗോര്‍ ശ്രീനാരായണ ഗുരുദേവനേയും വിവേകാനന്ദ സ്വാമികള്‍ ചട്ടമ്പിസ്വാമികളേയും നേരില്‍ കാണുകയുണ്ടായി. അവര്‍പോലും മഹത്വം കണ്ടെത്തിയ മഹത്തുക്കള്‍ ജീവിച്ച നാടാണ് നമ്മുടെ കേരളം.

ഇക്കാര്യങ്ങളൊന്നും കുട്ടികള്‍ക്ക് പഠിക്കാന്‍ കരിക്കുലത്തിലില്ല എന്നതാണ് മറ്റൊരു പോരായ്മ. കക്ഷിരാഷ്ട്രീയം അന്യോന്യം ശത്രുക്കളെ സൃഷ്ടിക്കാനുള്ളതല്ല. പരസ്പരം സ്‌നേഹിക്കാനുള്ളതാണ്. ആരുടേയും കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുണ്ടാവണം. വ്യക്തികളെ ഇല്ലാതക്കലല്ല, സമൂഹത്തെ ശാക്തീകരിക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. എം.വി ശ്രേയാംസ് കുമാര്‍ മുന്‍ എം.പി, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, ഡോ. സിറിയക് മാപ്രയില്‍ ഒണ്‍ലൈന്‍,  എം.എല്‍.എമാരായ കെ.കെ രമ, ഇ.കെ വിജയന്‍(ഓണ്‍ലൈന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലോഗോ മേയര്‍ ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. സ്വാഗത ആമുഖപ്രസംഗം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. പത്മശ്രീ കെ.കെ മുഹമ്മദ് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *