വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ചേംബര്‍ ഓഫ് കൊമേഴ്സുകളുടെ സംയുക്ത കൂട്ടായ്മ നിലവില്‍ വന്നു

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ചേംബര്‍ ഓഫ് കൊമേഴ്സുകളുടെ സംയുക്ത കൂട്ടായ്മ നിലവില്‍ വന്നു

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനങ്ങള്‍, വ്യവസായ വളര്‍ച്ച എന്നിവ ത്വരിതപ്പെടുത്തുന്നതിനായി മേഖലയിലെ പ്രമുഖ വ്യാപാര വ്യവസായ സംഘടനകള്‍ കൈകോര്‍ത്ത് ‘നോര്‍ത്ത് കേരള ചേംബേഴ്സ് ഓഫ് കൊമേഴ്സ് കളക്ടീവ്’ എന്ന സംയുക്ത കൂട്ടായ്മയ്ക്ക് രൂപം നല്‍കി.

മലബാര്‍ പാലസില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആതിഥേയത്വം വഹിച്ച ഉന്നതതല ഏകോപന യോഗത്തിലായിരുന്നു തീരുമാനം. മലബാര്‍ ചേംബര്‍ പ്രസിഡന്റ് ഖാലിദ് എം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മേഖലയിലെ ഏഴ് പ്രമുഖ ചേംബറുകളുടെ ഭാരവാഹികള്‍ പങ്കെടുത്തു. ഓരോ ചേംബറിന്റെയും സ്വതന്ത്രമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ, പൊതുവായ വികസന വിഷയങ്ങളില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുമായി ഇടപെടുന്നതിനുള്ള ശക്തമായ ഒരു ഏകീകൃത വേദിയായി ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വടക്കന്‍ കേരളത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി, അടിയന്തരമായി പരിഹരിക്കേണ്ട ആറ് പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ആറിന മുന്‍ഗണനാ കര്‍മ്മപദ്ധതിയുടെ സംയുക്ത നിവേദനം നല്‍കാന്‍ കൂട്ടായ്മ തീരുമാനിച്ചു

കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി നവംബര്‍ 13-ന് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര നടപടി സ്വീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക, അനുബന്ധ റോഡുകളുടെ വീതി കൂട്ടുക, പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍, പുതുക്കിയ അലൈന്‍മെന്റിന് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര അംഗീകാരം നല്‍കി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുക,ദേശീയപാത 66 പൂര്‍ത്തീകരണം: വടക്കന്‍ ജില്ലകളില്‍ ഇഴഞ്ഞുനീങ്ങുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ വിഭവങ്ങളും കരാറുകാരെയും നിയോഗിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുക. അതിവേഗ റെയില്‍ ഇടനാഴി: വടക്കന്‍ കേരളത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള അതിവേഗ റെയില്‍ പാതയ്ക്കായി (ഭാവിയില്‍ വയനാട്ടിലേക്ക് നീട്ടാവുന്ന വിധത്തില്‍) വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയും ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്യുക, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍സമയബന്ധിതമായി പൂര്‍ത്തിയാക്കുക, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുക,വാണിജ്യ-വ്യവസായ നിക്ഷേപങ്ങള്‍ക്ക് തടസ്സമാകുന്ന സങ്കീര്‍ണ്ണമായ ഭൂമി തരംമാറ്റല്‍ ചട്ടങ്ങളും ഡാറ്റാ ബാങ്ക് നടപടിക്രമങ്ങളും ലഘുകരിക്കുക, ഒരു ഏകീകൃത മലബാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുക, അടിവാരം ലക്കിടി റോപ്വേ പദ്ധതിക്കും ബദല്‍ ചുരം റോഡുകള്‍ക്കും അനുമതി നേടിയെടുക്കുക, സാഗര്‍മാല പദ്ധതിക്ക് കീഴില്‍ ബേപ്പൂര്‍, അഴിക്കല്‍ തുറമുഖങ്ങളുടെ വികസനം ത്വരിതപ്പെടുത്തുക, കോഴിക്കോട് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുക എന്നിവയാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മാസവും ഓണ്‍ലൈന്‍ അവലോകന യോഗങ്ങളും, അംഗ ജില്ലകളില്‍ മാറിമാറി നേരിട്ടുള്ള യോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഖാലിദ് എം. (പ്രസിഡന്റ്), മാനുവല്‍ ഉതുപ്പ് (സെക്രട്ടറി), നിത്യാനന്ദ് കാമത്ത് (ഇമ്മീഡിയറ്റ് പാസ്റ്റ് (പ്രസിഡന്റ്), എം. എ. മഹ്ബൂബ് (മുന്‍ പ്രസിഡന്റ്), പി. സക്കീര്‍ (മുന്‍ പ്രസിഡന്റ്), എം അബ്ദുറഹിമാന്‍ (ജോയിന്റ് സെക്രട്ടറി), അജയന്‍ കെ. ആനാട്ട് (മാനേജിംഗ് കമ്മിറ്റി അംഗം).

കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി അബ്ദുള്ളക്കുട്ടി എ. പി. (പ്രസിഡന്റ്), ബോബിഷ് കുന്നത്ത് (സെക്രട്ടറി),

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്: ഹനീഷ് വാണിയണ്ടി (പ്രസിഡന്റ്), സി. അനില്‍ കുമാര്‍ (സെക്രട്ടറി).

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് ജോണി പട്ടാണി (പ്രസിഡന്റ്), ഫാ. വര്‍ഗീസ് മറ്റമന (സെക്രട്ടറി)

മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സ്: കെ. വി. അന്‍വര്‍ (പ്രസിഡന്റ്), അബ്ദുള്‍ സലിം കാരാട്ട് (സെക്രട്ടറി)

പാലക്കാട് ചേംബര്‍ ഓഫ് കൊമേഴ്സ് സൂബിന്‍ സൈമണ്‍ (ജനറല്‍ സെക്രട്ടറി), രത്‌നപ്രഭു ആര്‍. (സെക്രട്ടറി)

തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പി പി അബ്ദുള്‍ റഹ്‌മാന്‍ (സെക്രട്ടറി), എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജോയിന്റ് സെക്രട്ടറി എം. അബ്ദുറഹിമാന്‍ നന്ദി രേഖപ്പെടുത്തി

 

 

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍
ചേംബര്‍ ഓഫ് കൊമേഴ്സുകളുടെ സംയുക്ത കൂട്ടായ്മ നിലവില്‍ വന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *