കോഴിക്കോട്: ഓള്‍ കേരള സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ (എ കെ എം എസ് എ) നേതൃത്വത്തില്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളുടെ ( സി ബി എസ് സി ) ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് പിന്നാക്കിള്‍ നാളെ (27 ന്) തലക്കുളത്തൂര്‍ പൂളാടിക്കുന്ന് പെരുംതുരുത്തിയില്‍ എ.സി. ഷണ്മുഖദാസ് സ്മാരക മിനി സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 10 ന് വിദ്യ ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിക്കും.
കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. മനോജ് മുഖ്യാതിഥിയാകും.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 30 ഓളം സ്വകാര്യ സ്‌കൂളുകളില്‍ നിന്നായി 650-ലധികം വിദ്യാര്‍ത്ഥികള്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളില്‍ കായികാഭിരുചി വളര്‍ത്തുന്നതിനും കായികക്ഷമത, അച്ചടക്കം, ടീം സ്പിരിറ്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു .
രാവിലെ 8 ന് മത്സരം ആരംഭിക്കും. കിഡ്‌സ്, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും കൂടുതല്‍ പോയ്ന്റ് നേടുന്ന സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് . ഓരോ ഇനത്തിലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എന്നിവ ലഭിക്കും.വൈകീട്ട് 5 ന് സമ്മാന വിതരണം നടക്കും.
അസോസിയേഷന്‍ പ്രസിഡന്റ് കെ സി അഭിലാഷ് , സെക്രട്ടറി വി. മാധവി ദേവി ,ശശിധരന്‍ മേനക്കണ്ടി, റസല്‍ പള്ളത്ത്, പ്രസീത മണ്ണാടത്ത് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് ‘ പിന്നാക്കിള്‍ 2026 ‘ നാളെ
