പി.ടി.നിസാര്‍
സംസ്ഥാനത്തെ തയ്യല്‍തൊഴിലാളി ക്ഷേമനിധിയടക്കമുള്ള ക്ഷേമനിധികളില്‍ പണമടയ്ക്കുന്ന തൊഴിലാളികള്‍ക്ക് നിരാശ. 36 വര്‍ഷം തയ്യല്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ പണമടച്ച തൊഴിലാളിക്ക് പിരിയുമ്പോള്‍ ലഭിച്ചത് കേവലം 12,600 രൂപ മാത്രം. 10 രൂപ അടച്ചുകൊണ്ടാണ് തയ്യല്‍തൊഴിലാളി ക്ഷേമനിധിയില്‍ 36 വര്‍ഷം മുന്‍പ് ചേര്‍ന്നത്. വര്‍ഷങ്ങളോളം പത്ത് രൂപ വീതം പ്രതിമാസമടച്ചു. തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ 20 രൂപ വീതം അടച്ചു.അവസാന രണ്ട് വര്‍ഷം 50 രൂപ വീതമാണ് അടച്ചത്. ഇത്രയും ദീര്‍ഘമായി ക്ഷേമനിധിയില്‍ പണമടച്ച ഒരു തൊഴിലാളിക്ക് ലഭിച്ചത് തുച്ഛമായ തുകയാവുമ്പോള്‍ എന്തിനാണീ ക്ഷേമനിധി എന്നാണ് പലരും ചോദിക്കുന്നത്. ക്ഷേമനിധിയില്‍ നിന്ന് 60 വയസ്സ് കഴിഞ്ഞ് പിരിയുമ്പോള്‍ ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷനും ലഭിക്കില്ല. അതിന് കാരണം 60 വയസ്സ് കഴിയുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ദ്ധക്യ കാല പെന്‍ഷന്‍ ലഭിക്കുന്നതാണ്. അത് തന്നെ 1600 രൂപയാണ്.
പതിറ്റാണ്ടുകള്‍ തങ്ങളെകൊണ്ട് ക്ഷേമനിധി അടപ്പിച്ച് പെന്‍ഷന്‍പോലും നല്‍കാത്തത് ക്രൂരതയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പല ക്ഷേമനിധികളിലും പണമടച്ചവര്‍ക്ക് മാസങ്ങളായി പെന്‍ഷന്‍ കുടിശ്ശിഖയായിട്ടുണ്ടെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേമനിധിയില്‍ ചേരുന്നതോടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും തൊഴിലാളികള്‍ ഭാഗഭാക്കാകുന്നുണ്ട്. ജോലിപോലും മാറ്റിവെച്ച് യൂണിയന്റെ പരിപാടികള്‍ക്കായി തൊഴിലാളികള്‍ പങ്കെടുക്കുന്നു. എന്നിട്ടും ക്ഷേമനിധിയില്‍ നിന്ന് പിരിയുമ്പോള്‍ ന്യായമായ പണമോ, പെന്‍ഷനോ ലഭിക്കുന്നില്ല.
സര്‍ക്കാരിന്റെ വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുന്നതിന് ക്ഷേമ ബോര്‍ഡുകളുടെ പെന്‍ഷന്‍ തടസ്സമാകരുതെന്നും, തങ്ങള്‍ പതിറ്റാണ്ടുകള്‍ വിഹിതമടക്കുന്നതുകൊണ്ട് ക്ഷേമനിധി ബോര്‍ഡുകള്‍, പിരിയുമ്പോള്‍ ഒരു ലക്ഷം രൂപയും മാസത്തില്‍ മിനിമം 5000 രൂപ പെന്‍ഷനും നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സംസ്ഥാനത്തെ വിവിധ ക്ഷേമനിധികളിലായി നൂറുകണക്കിന് കോടി രൂപയാണുള്ളത്. ഈ പണത്തിന്റെയെല്ലാം ഉപയോഗം സര്‍ക്കാരിനാണ്. എന്നാല്‍ മാറി, മാറി വരുന്ന സര്‍ക്കാരുകള്‍ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
