കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2025ലെ മുഷ്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ പ്രദീപ് ഗോപാല്‍ അര്‍ഹനായി.
പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ്. 2025 മെയ് 19 മുതല്‍ 22 വരെദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച സൂപ്പറാകാത്ത സൂപ്പര്‍ ലീഗ് ‘ എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ വിപ്ലവം എന്ന വിശേഷണത്തോടെ തുടങ്ങിയ ഐ.എസ്.എല്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ എന്ത് സംഭാവന നല്‍കി എന്നതിന്റെ അന്വേഷണമായിരുന്നു പരമ്പര. ഇന്ത്യന്‍ ഫുട്ബാളിലെ നിലവിലെ അവസ്ഥയും ഭരണപരമായ വീഴ്ചകളും മറ്റ് രാജ്യങ്ങളിലെ മാറ്റങ്ങളും പരമ്പരയില്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എം നരേന്ദ്രന്‍, പി.കെ രവീന്ദ്രന്‍, ടി.ആര്‍ മധുകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിത്തും അറിയിച്ചു.
2011 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന പ്രദീപ് ഗോപാല്‍ നിലവില്‍ സ്പോര്‍ട്‌സ് ഡെസ്‌കില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആണ്. കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക ചെമ്പക്കാട് സ്വദേശിയാണ്. സി. ഗോപാലന്റെയും എ. നാരായണിയുടെയും മകനാണ്. ഭാര്യ : ശരണ്യ വൈ.വി. മകള്‍ നയോമി എസ് പ്രദീപ്.
സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം രണ്ട് തവണ നേടി. ജി.വി രാജ പുരസ്‌കാരം, കെ.പി ഗോപിനാഥ് പുരസ്‌കാരം, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ് എന്നിവ ലഭിച്ചിട്ടുണ്ട്.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, 2017ലെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
മുഷ്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡ് പ്രദീപ് ഗോപാലിന്
