കോഴിക്കോട്: മാവൂരില്‍ വന്‍തോതില്‍ ചീമുട്ടകള്‍ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബേക്കറി മേഖലയെ ഒന്നടങ്കം സംശയത്തിന്റെ നിഴലിലാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് ബേക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ബേക്കറി മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഗുണനിലവാരമില്ലാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തുന്നത് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളെ അസോസിയേഷന് സ്വാഗതം ചെയ്യുന്നു.
എന്നാല്‍ മാവൂരിലെ ഒരു വിതരണ കേന്ദ്രത്തില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ബേക്കറി സ്ഥാപനങ്ങളെയും സംശയത്തോടെ കാണുന്നത് ശരിയല്ല. ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭൂരിഭാഗം ബേക്കറി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
മുട്ട ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ വിശ്വസനീയമായ വിതരണക്കാരില്‍നിന്ന് വാങ്ങാനും അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും വ്യാപാരികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് , കേടായ മുട്ടകളോ മറ്റ് ഭക്ഷ്യവസ്തുക്കളോ യാതൊരു കാരണവശാലും ഭക്ഷ്യനിര്മാണത്തിന് ഉപയോഗിക്കാറില്ല.
മാവൂരിലെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ബേക്കറി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിതരണ ശൃംഖലയിലും പരിശോധന ശക്തമാക്കണം.
ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും ബേക്കറി മേഖലയിലെ വ്യാപാരികളുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും അസോസിയേഷന് പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാ പ്രസിഡന്റ്
ദേവദാസ് തായാട്ട്,ജനറല്‍ സിക്രട്ടറി എം എം അബ്ദുള്‍ സലാം, ട്രഷറര്‍ പ്രദീപ് എം, സൗത്ത് മണ്ഡലം ജനറല്‍ സിക്രട്ടറി സി .സി . യാസീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
