ചിന്താ വിമതന്‍
മദ്യ ചൂടിലും കറണ്ട് കട്ടിലും പെട്ട് കോണ്‍ഗ്രസ്
സംസ്ഥാനത്ത് പോയവാരം മദ്യ ചൂടിലായിരുന്നു. സര്‍ക്കാര്‍ മാറിയതറിയാതെ ചില എക്‌സൈസ്സ് ഉദ്യോഗസ്ഥരുടെ ചെയ്തികളാണ് സര്‍ക്കാരിന് തലവേദനയായത്. ദിവസം നാനൂറ് പിന്നിട്ടിട്ടും വി.ഡി.സതീശന്‍ സര്‍ക്കാരിന് ഒരു സ്റ്റെപ്പ് കിട്ടാത്ത കളിയാണ്. വകുപ്പുകളുടെ മേല്‍ ഇടയ്ക്കിടെ ഉയരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ വിഷമിപ്പിക്കുന്ന ഘട്ടത്തിലാണ് എക്‌സൈസ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ കുത്തിതിരുപ്പുകള്‍ ഉണ്ടാകുന്നത്. സര്‍ക്കാരിനെ എങ്ങിനെയും പൊതുജന മധ്യത്തില്‍ നാറ്റിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും, അതിന് ചില എക്‌സൈസ്സ് ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുകയാണെന്നാണ് പൊതുജന സംസാരം. ഡെപ്യൂട്ടി കമ്മീഷണര്‍ ബാറിന് നല്‍കിയ ലൈസന്‍സില്‍ തുടങ്ങിയ ആരോപണം എക്‌സൈസ്സ് കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും കസേര തെറിക്കലിലാണെത്തിയത്. കമ്മീഷണര്‍ പടിയിറങ്ങുന്ന പോക്കില്‍ സര്‍ക്കാരിന് പണിയും കൊടുത്തു. കമ്മീഷണര്‍ക്ക് കസേരയിലിരിക്കുമ്പോള്‍ കാര്യങ്ങള്‍ പറയാമായിരുന്നെന്ന് മന്ത്രി ലിജുവിന്റെ ആത്മഗതം.
യുഡിഎഫിന്റെ മദ്യ നയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മദ്യനയം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമായാല്‍ ഉണ്ടാകാന്‍ പോകുന്ന പുക്കാറിന്റെ മുന്നൊരുക്കമായി വി.എം.സുധീരന്‍ അഡ്വാന്‍സായി വെടിപൊട്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായ ഘട്ടത്തില്‍ കേരള മദ്യനിരോധന സമിതിയുടെ സമര പന്തലില്‍ വന്ന് വി.ഡി.സതീശന്‍ നല്‍കിയ ഉറപ്പ് പാലിക്കുമോ എന്ന് നോക്കിയിരിക്കുകയാണ് ഒരു വിഭാഗം. ഇങ്ങനെ തൊടാനും വയ്യ, തൊടാതിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് എക്‌സൈസ്സ് വകുപ്പ്.
മന്ത്രി മുരളീധരന്‍, കെ.എം.ഷാജി എന്നിവര്‍ക്കെതിരെ പ്രതിപക്ഷം തൊടുത്തുവിട്ട ശരങ്ങളെല്ലാം ഒരു പരിധിവരെ തടുത്ത് വിശ്രമിച്ചിരിക്കുമ്പോഴാണ് ഷോക്കടിക്കുന്നത്. എങ്ങിനെ ഒപ്പിച്ചാലും വൈദ്യുതി ഒക്കത്തില്ല. പരിഹാരമെന്താണ് എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തലപുകയ്ക്കുമ്പോഴാണ് ദൈവദൂതനെ പോലെ വേണുഗോപാലിന്റെ വരവ്. 2029ല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ രാജ്യമാകെ ഓടി നടക്കുന്ന വേണുവിന് കേരളത്തെ മറന്ന് ഉറങ്ങാനും പറ്റാത്ത അവസ്ഥയിലാണ്. പിറന്ന നാട് ഇരുട്ടിലാവുന്നത് ഓര്‍ക്കാന്‍ പോലുമാവാതെ ഓടിയെത്തി കക്ഷി സണ്ണിയുടെ കാതില്‍ എന്തോ ഒന്ന് മൊഴിഞ്ഞു. സംഗതി ഹിമാചലില്‍ പോകാമെന്നോ മറ്റോ ആണ്. സണ്ണി ഈ വിവരം വി.ഡി.യുടെ പക്കലുമെത്തിച്ചു. വേണു പറഞ്ഞത് കൊണ്ടോ സംസ്ഥാനത്തിന് നഷ്ടം വരുന്നത് കൊണ്ടോ എന്തോ ഹിമാചല്‍ വെളിച്ചം ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. ഇരുട്ട് ഇപ്പോള്‍ മലയാളികള്‍ക്ക് വശമായിട്ടുണ്ട്. അതുകൊണ്ടാണല്ലോ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന്‍ ഇരുട്ടത്ത് അനായാസം പ്രസംഗിച്ചത്. ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായി ഭവിക്കും എന്ന് മുമ്പൊരു കവി പാടിയതും അതുതന്നെയല്ലെ. ഉള്ള കറണ്ടില്‍ ഒതുങ്ങാമെന്ന് കെ.പി.സി.സി ഓഫീസില്‍ അടക്കം പറയുന്നുണ്ട്. കൂടെ ആവശ്യമില്ലാത്ത ലൈറ്റും, ഫാനും ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശവും താഴേക്ക് പോയിട്ടുണ്ട്.
പി എസ് സിയുടെ അര്‍ത്ഥ തലങ്ങള്‍
സംഗതി സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും, ഭരണക്കാരുടെ താല്‍പ്പര്യ നിയമനമാണ് പിഎസ് സിയില്‍ നടന്നതെന്നാണ് പൊതു സംസാരം. സംഗതി ഗുലുമാലായി ഇപ്പോള്‍ ചെയര്‍മാനെയടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. തോറ്റവര്‍ ജയിക്കുകയും, ജയിച്ചവര്‍ തോല്‍ക്കുകയും, അനര്‍ഹര്‍ക്ക് ജോലിയും നല്‍കുന്ന പി എസ് സി യുടെ ടെക്‌നിക് ഇതിനകം വലിയ ഖ്യാതിയാണ് നേടിയത്. പത്ത് വര്‍ഷത്തെ പിണറായിയുടെ ഭരണത്തില്‍ രാജ്യത്ത് ഏറ്റവുമധികം നിയമനം നടത്തിയത് പി എസ് സിയാണെന്നാണ് പിണറായി പറയുന്നത്. പി എസ് സി ചെയര്‍മാന്റെയും, അംഗങ്ങളുടെയും ശമ്പളം കേട്ടാല്‍ ഞെട്ടുമെന്നും എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. പിണറായിയുടെ കാലത്തെ പി എസ് സി ഇല്ലാതാവുമ്പോള്‍ തങ്ങള്‍ക്കാ കസേരയിലിരിക്കാമെന്ന് യുഡിഎഫിലെ എല്ലാ കക്ഷികളും സ്വപ്‌നം കാണുന്നുണ്ട്.
ആള്‍ക്കൂട്ടമാണോ ഇടതുമുന്നണി യോഗം
എല്‍ഡിഎഫ് യോഗം വളരെ ഗഹനമായ അജണ്ടകളാണ് ഇപ്പോള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷം നടത്തിയ പ്രവര്‍ത്തനവും, ചര്‍ച്ചയും കൊണ്ട് ലഭിച്ച ഇടവേളയായതിനാല്‍ യോഗത്തിന് ഇത്തിരി ഗൗരവം കൂടും. ഭരണ പക്ഷത്തായാലും പ്രതിപക്ഷത്തായാലും കസേര ഒഴിയാത്ത പിണറായി തന്നെയാണ് എല്‍ഡിഎഫ് യോഗത്തിലെ അധ്യക്ഷന്‍. അവിടേക്കാണ് രണ്ടായി, പിന്നെ ഒന്നായി മാറി ഒരു പാര്‍ട്ടിയിലെ നാല് നേതാക്കള്‍, തങ്ങള്‍ ഒന്നായി മാറിയതറിയാതെ നാലായി എല്‍ഡിഎഫ് യോഗത്തിനെത്തിയത്. ഇരുപാര്‍ട്ടികള്‍ ലയിച്ചതും അത് എല്‍ഡി എഫിനുണ്ടാക്കുന്ന നേട്ടവുമെല്ലാം സര്‍വ്വശ്രീ കടന്നപ്പള്ളിയും, എ.കെ.ശശീന്ദ്രനും വാതോരാതെ വിശദീകരിച്ചിരുന്നതാണ്. നാല് പേരും മുന്‍ പരിചയക്കാരാണെങ്കിലും, സംഘടനാ തലത്തില്‍ തീവ്ര നിലപാടുള്ള പിണറായി അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. മുന്നണി തീരുമാനമനുസരിച്ച് ഒരു പാര്‍ട്ടിയില്‍ നിന്ന് രണ്ട് പേര്‍ മാത്രം മതിയെന്ന് കര്‍ക്കശ സ്വരത്തിലാണ് പിണറായി ഓര്‍മ്മിപ്പിച്ചത്. അത് കേട്ടതോടെ നല്ല ഇടയന്മാരായി നാല് പേരും തലകുമ്പിട്ടിരുന്നു എന്നാണ് കേട്ടുകേള്‍വി. പണ്ടേ പിണറായിക്ക് എതിര്‍വായ് ആരും തുറക്കാതിരുന്നതാണ് എല്‍ഡിഎഫിനെ എല്ലും തോലുമാക്കിയതെന്ന് പാര്‍ട്ടി അണികള്‍ക്കിടയില്‍ അണമുറിയാ സംസാരമുണ്ട്.
