കൊച്ചി: മലയാളി വ്യവസായ പ്രമുഖന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്റെ നേതൃത്വത്തിലുള്ള കെഫ് ഹോള്‍ഡിങ്സ് കോഴിക്കോട്ട് ആരംഭിച്ച ലോകോത്തര സംയോജിത ക്ലിനിക്കല്‍ വെല്‍നെസ്സ് കേന്ദ്രമായ ‘തുലാ’, യു.എസ്. ആസ്ഥാനമായുള്ള പ്രമുഖ മെഡിക്കല്‍ സെക്കന്‍ഡ് ഒപീനിയന്‍ പ്ലാറ്റ്ഫോമായ ‘അപ്പെക്‌സ് ഒപ്പീനിയനുമായി’ തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇതോടെ സങ്കീര്‍ണ്ണമായ രോഗാവസ്ഥകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ യു.എസിലെ പ്രശസ്തരായ വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡുകളില്‍ നിന്നും സ്വതന്ത്രമായ സെക്കന്റ് ഒപ്പീനിയന്‍ ഇന്ത്യയില്‍ ലഭ്യമാകും.
ബോസ്റ്റണില്‍ നടന്ന ചടങ്ങില്‍ കെഫ് ഹോള്‍ഡിങ്‌സിന്റെയും തുലാ ക്ലിനിക്കല്‍ വെല്‍നസിന്റെയും സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ ഇ. കൊട്ടിക്കോളനും, ക്രീവോക്‌സ് ഇന്‍ക് സ്ഥാപകനും സി.ഇ.ഒ.യും മയോ ക്ലിനിക് പരിശീലനം നേടിയ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. സൗരഭ് സനോണും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കെഫ് ഹോള്‍ഡിങ്‌സ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രവി പരിഹാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, ഓങ്കോളജി, ന്യൂറോളജി, നെഫ്രോളജി, എന്‍ഡോക്രൈനോളജി, പതോളജി തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ യു.എസ്. ബോര്‍ഡ്-സര്‍ട്ടിഫൈഡ് വിദഗ്ധരുടെ സേവനം ഇതു വഴി ലഭ്യമാകും. സങ്കീര്‍ണ്ണമായ കേസുകളില്‍ ‘ഹാര്‍ട്ട് ടീംസ്’, ‘ട്യൂമര്‍ ബോര്‍ഡ്’ തുടങ്ങിയ മള്‍ട്ടിഡിസിപ്ലിനറി വിദഗ്ധ സമിതികളുടെ പരിശോധനയും ഉറപ്പാക്കും. രോഗികള്‍ സമര്‍പ്പിക്കുന്ന മെഡിക്കല്‍ രേഖകള്‍ വിദഗ്ധര്‍ സമഗ്രമായി പരിശോധിച്ച്, മുഴുവന്‍ രേഖകളും ലഭിച്ച് ഏഴ് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലമുള്ള വിദഗ്ധാഭിപ്രായം നല്‍കാന്‍ ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആവശ്യമെങ്കില്‍ യു.എസ്. വിദഗ്ധരുമായി നേരിട്ടുള്ള വിര്‍ച്വല്‍ കണ്‍സള്‍ട്ടേഷനും ക്രമീകരിക്കാവുന്ന രീതിയില്‍ ആണ് ചികിത്സാ പദ്ധതി. പ്രാദേശികമായി രോഗിയെ ചികിത്സിക്കുന്ന ഡോക്ടറെയോ മെഡിക്കല്‍ ടീമിനെയോ മാറ്റാതെ തന്നെ, നിര്‍ണ്ണായകമായ ചികിത്സാ തീരുമാനങ്ങളില്‍ കൂടുതല്‍ വ്യക്തതയും പിന്തുണയും ഉറപ്പാക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതന സാങ്കേതികവിദ്യകളും ഇന്ത്യയുടെ പരമ്പരാഗത രോഗശമന രീതികളും സമന്വയിപ്പിച്ച് ആരോഗ്യ സംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് തുലാ ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലുള്ള മികച്ച മെഡിക്കല്‍ വിദഗ്ധരുടെ സേവനം ഇന്ത്യയിലെ രോഗികള്‍ക്കും ലഭ്യമാക്കാന്‍ കഴിയുമെന്ന് ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ വ്യക്തമാക്കി. രോഗനിര്‍ണ്ണയത്തിലും ചികിത്സാ തീരുമാനങ്ങളിലും കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ ഈ സഹകരണം ഏറെ സഹായിക്കുമെന്ന് ഡോ. രവി പരിഹറും കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം നവംബര്‍ മുതല്‍ രോഗികള്‍ക്കായി ഈ സേവനം ലഭ്യമായി തുടങ്ങും. കോഴിക്കോട് മുപ്പത് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തുലാ ക്ലിനിക്കല്‍ വെല്‍നെസ്സ് കാമ്പസ്, ആധുനിക ഡയഗ്‌നോസ്റ്റിക്‌സ്, ആയുര്‍വേദം, ക്ലിനിക്കല്‍ യോഗ, ന്യൂട്രീഷന്‍, റിഹാബിലിറ്റേഷന്‍ എന്നിവ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത ആരോഗ്യ കേന്ദ്രമാണ്.
അമേരിക്കന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇനി
തുലാ വെല്‍നെസിലൂടെ ഇന്ത്യയിലും; അപ്പെക്‌സ് ഒപ്പീനിയനുമായി ധാരണ
