കോഴിക്കോട്: ഭാരത് ലജന മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സിഒഒ സെയ്തലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം ആസ്തിയുള്ള സൊസൈറ്റിക്കെതിരെ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, പൊലീസിലെ ചിലരുടെ ഭാഗത്ത് നിന്നും നീക്കങ്ങള്‍ നടക്കുകയാണ്. അതിന്റെ തിരകഥയാണ് സൊസൈറ്റി സ്ഥാപകനും, മുന്‍ ചെയര്‍മാനുമായ ആര്.പ്രേംകുമാറിന്റെ അറസ്റ്റ്. പ്രേംകുമാറിനെതിരായ അറസ്റ്റ് സൊസൈറ്റിക്കെതിരയെുള്ളതല്ലെന്നും, അത് പ്രേംകുമാറിനെതിരെ മാത്രമുള്ളതാണെന്ന് അവര്‍ വ്യക്തമാക്കി. ആയിരം കോടിയിലധികം ആസ്തിയുള്ള സ്ഥാപനമാണിത്. നിക്ഷേപകര്‍ കള്ള പ്രചാരവേലകളില്‍ പെടരുതെന്നും നിക്ഷേപം സംബന്ധിച്ച് ഒരാശങ്കയും വേണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രേംകുമാറിന്റെ കാലത്തെ ചില ഇടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടന്നു എന്നാരോപിച്ചാണ് ഒരു വ്യക്തി, പ്രേംകുമാറിനെതിരെ കേസ്സ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ആ വ്യക്തിതന്നെ ഹൈക്കോടതിയില്‍ അഫിഡവിറ്റ് നല്കി പ്രസ്തുത കേസ്സ്് പിന്വലിച്ചിട്ടുള്ളതുമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നാലുമാസത്തോളമായിട്ടും സ്ഥാപനത്തിനോ, സ്ഥാപന മേധാവികള്‍ക്കോ നോട്ടീസ് അയക്കുകയോ, ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുകയോ, സ്റ്റേറ്റ്മെന്റ് എടുക്കുകയോ ചെയ്യാതിരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി കേസ്സ് പരിഗണിക്കാനിരിക്കെയാണ് പൊലീസ് സൊസൈറ്റി ചെയര്‍മാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2006 മുതല്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കെതിരെ ഇതുവരെ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ല. സൊസൈറ്റിയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ് ഉപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ 13-ാം തിയതി നടക്കാവ് പൊലീസിന് ലഭിച്ച പരാതിയില്‍ പൊലീസ് സൊസൈറ്റിയുടെ ഭാഗം കേള്‍ക്കാനോ ശരിയായ അന്വേഷണം നടത്താനോ തയ്യാറാവാതെ 27-ാം തിയതി ധൃതിപിടിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസ് സൊസൈറ്റിക്കെതിരെ സ്വമേധയാ നാല് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പരാതിക്കാര്‍ ആരും ഇല്ലാത്തതിനാല്‍ ഹൈക്കോടതി എഫ്ഐ ആറുകളെല്ലാം തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. നിലവില്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡണ്ടിനോ, ഡയറക്ടര്മാര്ക്കെതിരെയോ യാതൊരു കേസുകളുമില്ല.
നിക്ഷേപ തട്ടിപ്പ് എന്ന പ്രചാരണം അവാസ്തവമാണ്. സൊസൈറ്റിയുടെ ആസ്തികള്‍ യാതൊന്നും വകമാറ്റിയിട്ടില്ല. നിക്ഷേപത്തിലുമധികം മൂല്ല്യമുള്ള ആസ്തി സൊസൈറ്റിക്കുണ്ട്. നിയമത്തിന്റെ മുന്പില് എല്ലാ കാര്യങ്ങളും വ്യക്തമാക്കാന്‍ തയ്യാറാണ്. വഴിവിട്ട ഒരു ഇടപാടും സൊസൈറ്റി ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ തല്‍പ്പര കക്ഷികള്‍ ഉയര്‍ത്തുന്ന വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും, നീതി പീഠത്തില്‍ നിന്ന് നീതി ലഭിക്കുമെന്നും, സൊസൈറ്റിക്കെതിരെ വ്യാജ പ്രചരണം നടത്തിയവരെ സമൂഹത്തിന്റെയും നിയമത്തിന്റെയും മുന്പില് കൊണ്ട്വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
വാര്‍ത്താസമ്മേളനത്തില്‍ സിഒഒ വി.പി.സൈതലവി, ജന.മാനേജര്‍ കാര്‍ത്തിക്.വി.എസ്, ഡെപ്യൂട്ടി പി ആര് ഒ മോഹനന് എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു.
