വയനാടിന് റെയില്‍പാത; നിര്‍ദ്ദേശവുമായി ഇ.ശ്രീധരന്‍

വയനാടിന് റെയില്‍പാത; നിര്‍ദ്ദേശവുമായി ഇ.ശ്രീധരന്‍

പി.ടി.നിസാര്‍

കോഴിക്കോട്: ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ, വയനാട്ടില്‍ റെയില്‍പാത എന്ന സ്വപ്‌നമുണ്ടായിരുന്നു. നഞ്ചംകോട് – നിലമ്പൂര്‍ റെയില്‍പാതയാണ് അക്കാലത്ത് വിഭാവനം ചെയ്തിരുന്നത്. എന്നാലതൊന്നും നടന്നില്ല. നിലമ്പൂര്‍ -നഞ്ചംകോട് പാതയ്ക്ക് വേണ്ടി വയനാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിരവധി സമരങ്ങളും നടത്തിയിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങളോടൊപ്പം നിലമ്പൂരിലെയും, പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലാണ് നഞ്ചംകോട് – നിലമ്പൂര്‍ റെയില്‍പാതയുടെ സര്‍വ്വേ നടത്താന്‍ നടപടിയെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് കാര്യമായ തുടര്‍നടപടിയുണ്ടായില്ല. വയനാട്ടുകാരുടെ റെയില്‍ സ്വപ്‌നത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന് അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. സമരങ്ങളും, നിവേദനങ്ങളും തുടര്‍കഥയാവുമ്പോള്‍ ഭരണ കേന്ദ്രങ്ങളില്‍ നിന്ന് പദ്ധതിക്കിതുവരെ പച്ചക്കൊടി ലഭിച്ചിട്ടില്ല. അതിരൂക്ഷമായ ഗതാഗതകുരുക്കാണ് പലപ്പോഴും വയനാടന്‍ യാത്രക്കുണ്ടാവുന്നത്. ചുരത്തിലുണ്ടാവുന്ന ബ്ലോക്ക് തുടര്‍കഥയാവുകയാണ്. ചുരമില്ലാത്ത ബദല്‍ റോഡിന് വേണ്ടിയുള്ള മുറവിളി വയനാട്ടില്‍ നിന്നും, കോഴിക്കോട്ട് നിന്നും മുഴങ്ങുന്നുണ്ട്. ഇതിന് ഒരു പരിഹാരമെന്നോണമാണ് കള്ളാടി – ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മ്മാണം പിണറായി സര്‍ക്കാര്‍ ആരംഭിച്ചത്. നിര്‍മ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തുരങ്ക പാത നിര്‍മ്മാണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെതിരെയും വയനാട്ടില്‍ പ്രതിഷേധം കനക്കുന്നുണ്ട്. വിദഗ്ത്ത പഠനത്തിനുശേഷം തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പലവിധ അവഗണനയാല്‍ പിന്നോക്കം നേരിടുന്ന ജില്ലയാണ് വയനാട്. ജില്ലയ്ക്ക് ലഭിക്കേണ്ട പല പദ്ധതികളും ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ സംഘടനകള്‍ അവിടെ സമരത്തിലാണ്. അതുപോലെ പ്രശസ്ത ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍് വൈസ്ചാന്‍സലറുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്് നിര്‍ദ്ദേശിച്ച വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്ന പ്രൊജക്ടും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്.സുഗന്ധ വസ്തുക്കള്‍, മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ , വനവിഭവങ്ങള്‍, കരകൗശല വികസന സാധ്യതകള്‍, ടൂറിസം കേന്ദ്രങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, അനുയോജ്യമായ കാലാവസ്ഥ എന്നിവയാല്‍ അനുഗ്രഹീതമായ ജില്ലയാണ് വയനാട്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ് വയനാട്. കേരളത്തിന്റെ സാമ്പത്തികമായും, സാംസ്‌കാരികമായും, രാഷ്ട്രീയമായും പ്രബുദ്ധമായ മൂന്ന് ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുമായും കൈകോര്‍ക്കുന്ന ജില്ലകൂടിയാണ് വയനാട്. വയനാടിന്റെ സാധ്യതകള്‍ അനന്തമാണ്. എന്നാല്‍ ആ സാധ്യതകള്‍ക്ക് മഴവില്ലഴക് കൈവരണമെങ്കില്‍ ജില്ലയിലേക്കുള്ള ഗതാഗത സൗകര്യം അനിവാര്യമാണ്. ജപ്പാനും, ചൈനയും ബുള്ളറ്റ് ട്രെയിനടക്കമുള്ള ശാസ്ത്ര സാങ്കേതിക പുരോഗതിയിലൂടെ മാനവ ജീവിതം മെച്ചപ്പെടുത്തിയത് അരനൂറ്റാണ്ടുകള്‍ക്കപ്പുറമാണ്. നമ്മുടെ നാടിനെ വികസനത്തിലേക്ക് നയിക്കേണ്ടത് ഭരണകൂടങ്ങളാണ്. ആ ദിശയില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നടപടികളുണ്ടാവണം.

മെട്രോമാന്‍ ഇ. ശ്രീധരന്‍ അതിവേഗ റെയില്‍പാതയുടെ സാധ്യതകള്‍ വിശദീകരിക്കാനാണ് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്. രാജ്യം പത്മശ്രീയും, പത്മവിഭൂഷണും നല്‍കി ആദരിച്ച മഹത് വ്യക്തിത്വമാണദ്ദേഹം. ഡല്‍ഹി മെട്രോയുടെ മാനേജിംഗ് ഡയറക്ടര്‍, കൊങ്കണ്‍ റെയില്‍വെയുടെ ശില്‍പ്പി,കൊച്ചി മെട്രോ ശില്‍പി അടക്കമുള്ള രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മഹത് പ്രൊജക്ടുകള്‍ക്ക് ചുക്കാന്‍ പിടിച്ച ഈ വിദഗ്ധ എഞ്ചിനീയറില്‍ നിന്നാണ് വയനാട് റെയില്‍വേ സംബന്ധിച്ച പുതു നിര്‍ദ്ദേശം വന്നിട്ടുള്ളത്. കോഴിക്കോട്, കൊടുവള്ളി, അടിവാരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ സ്റ്റേഷനുകള്‍ വിഭാവനം ചെയ്തിട്ടുള്ള നിര്‍ദ്ദിഷ്ഠ പദ്ധതി കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് അതിവേഗ ട്രെയിന്‍ 73 കിലോമീറ്റര്‍ 35 മിനുട്ടുകൊണ്ട് എത്താമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പാസ്സഞ്ചേഴ്‌സ് ട്രെയിനിനു പുറമെ കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ടും, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിനും സാധ്യതയേറും.ഭൂമിക്കടിയിലൂടെ 300 അടിയോളം താഴ്ചയില്‍ തുരങ്കപാതയാണീ പ്രൊജക്ട്. വയനാടിന്റെ ഭൂപ്രകൃതിക്ക് ഒരു ബുദ്ധിമുട്ടും വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് അദ്ദേഹം നിര്‍ദ്ദേശിച്ച കണ്ണൂര്‍ – തിരുവനന്തപുരം അതിവേഗ റെയില്‍ പാത പദ്ധതി നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയാല്‍ അനുബന്ധമായി ഈ പദ്ധതി നടപ്പാക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം നിര്‍ദ്ദേശിച്ച കണ്ണൂര്‍ – തിരുവനന്തപുരം അതിവേഗ പാത തുടര്‍ പ്രൊക്ടുകളായ കണ്ണൂര്‍-കാസര്‍കോഡ് പാത, കോഴിക്കോട് – സുല്‍ത്താന്‍ ബത്തേരി പാത, പട്ടാമ്പി – പാലക്കാട് പാത, തൃശൂര്‍ – പാലക്കാട് പാത എന്നിവയെല്ലാം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇ.ശ്രീധരനുമായി ആശയവിനിമയം നടത്തി. വിദഗ്ധ പഠന സമിതി അയ്യാറാക്കി അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച്, ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുത്ത്, ഭൂമിയേറ്റെടുക്കല്‍ പരമാവധി കുറച്ച് പില്ലറുകളും, ടണല്‍ വഴിയുമാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത കെ-റെയിലിന്റെ പ്രൊജക്ട് തുകയോ(64,000 കോടി), ഭൂമിയേറ്റെടുക്കലോ മെട്രോമാന്റെ പദ്ധതിക്കില്ല. കണ്ണൂര്‍ – തിരുവനന്തപുരം പാത 60,000 കോടി രൂപ കൊണ്ട് തീര്‍ക്കാനാവുമെന്നും, നാല് വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാവുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കാതെ സര്‍വ്വകക്ഷിയോഗം വിളിച്ച് അതീവ ഗൗരവത്തില്‍ ഈ പ്രൊജക്ട് ചര്‍ച്ച ചെയ്യണം. ഇത്തരം പാതകള്‍ നിലവില്‍ വരുമ്പോള്‍ വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കും. കാലത്തിനനുസരിച്ച് നാട് വികസിക്കാത്തതിനാലും, കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങളില്‍ തമ്മില്‍ തല്ലിയതിനാലുമാണ് നാം പിന്നിലായി പോയത്. അതുകൊണ്ട് തന്നെയാണ് കേരളീയ യുവത അന്യ സംസ്ഥാനങ്ങളിലേക്കും, മറ്റ് രാജ്യങ്ങളിലേക്കും പറന്നുപോകുന്നത്.

താന്‍ നിര്‍ദ്ദേശിച്ച പദ്ധതി സര്‍ക്കാര്‍ അംഗീകാരം തരാത്ത സാഹചര്യത്തില്‍, വിശദീകരണവുമായി മെട്രോമാന്‍ വിവിധ ജില്ലകളിലേക്ക് പ്രോഗ്രാമുകളുമായി എത്തുകയാണ്. നാടിന്റെ പുരോഗതി ജനങ്ങളാണ് ഉറപ്പിക്കേണ്ടത്.

വയനാടിന് റെയില്‍പാത; നിര്‍ദ്ദേശവുമായി ഇ.ശ്രീധരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *