പ്രവാസികളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണം (എഡിറ്റോറിയല്‍)

പ്രവാസികളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണം (എഡിറ്റോറിയല്‍)

           കേരളം ഭരിച്ച സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണിക്കാത്ത വിഭാഗമാണ് പ്രവാസി സമൂഹം. സംസ്ഥാനം ഭരിച്ച ഇടതു, വലതു മുന്നണി സര്‍ക്കാരുകളെ വിലയിരുത്തുമ്പോള്‍ യുഡിഎഫിനേക്കാളും, പ്രവാസികളുടെ വിഷയത്തില്‍ ക്രിയാത്മകമായ നടപടികളെടുത്തതും, പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നതും എല്‍ഡിഎഫ് സര്‍ക്കാരാണ്. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് പ്രവാസികാര്യ വകുപ്പ് രൂപീകരിക്കപ്പെട്ടത്. പിന്നീട് അധികാരത്തില്‍ വന്ന ആന്റണി സര്‍ക്കാരാണ് പ്രവാസി ക്ഷേമകാര്യ ഏജന്‍സി രൂപീകരിക്കുന്നത്. അതാണ് പിന്നീട് നോര്‍ക്ക റൂട്ട്‌സായി പരിണമിക്കപ്പെട്ടത്. പിന്നീട് വന്ന വി എസ് സര്‍ക്കാരാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡുണ്ടാക്കുന്നത്. ഈ ബോര്‍ഡിന്റെ കീഴിലാണ് പ്രവാസി പെന്‍ഷന്‍ ആരംഭിച്ചത്. പെന്‍ഷനിപ്പോള്‍ മൂന്ന് മാസം കുടിശ്ശിഖയാണ്. ഒരുമാസത്തെ പെന്‍ഷന്‍ കൊടുക്കണമെങ്കില്‍ ഏതാണ്ട് മുപ്പത് കോടിയിലധികം രൂപ വരും.  സര്‍ക്കാര്‍ സഹായത്തോടെയാണ് പെന്‍ഷന്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. ഓണക്കാലത്ത് സര്‍ക്കാര്‍ നല്‍കിയ ഫണ്ടുപയോഗിച്ചാണ് ഒരുമാസത്തെ പെന്‍ഷന്‍ കൊടുത്തത്. പ്രവാസികാര്യ വകുപ്പ് ചുമതല മുഖ്യമന്ത്രിയാണ് നിര്‍വ്വഹിക്കുന്നത്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം പ്രവാസി കാര്യത്തിന് ഒരു മന്ത്രിക്ക് ചുമതല നല്‍കിയിരുന്നു. ആന്റണിയുടെ കാലത്ത് എം.എം.ഹസ്സനും, ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കെ.സി.ജോസഫിനുമായിരുന്നു ചുമതല.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഏതാണ്ട് ഒന്നരക്കോടി മലയാളികളുടെ വിഷയങ്ങള്‍ സമഗ്രമായി കൈകാര്യം ചെയ്യാന്‍ സ്വതന്ത്ര ചുമതലയുള്ള ഒരു മന്ത്രി അനിവാര്യമാണ്. ഒന്നര ലക്ഷം കോടി രൂപയിലധികമാണ് ബാങ്കുകള്‍ വഴി പ്രവാസികള്‍ നാട്ടിലേക്കയക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികള്‍ ലക്ഷക്കണക്കിന് വരുന്നുണ്ട്. നിരവധി നീറുന്ന പ്രശ്‌നങ്ങളാണ് അവര്‍ക്കുള്ളത്. പ്രവാസികളുടെ വോട്ടവകാശം എന്നത് ഇന്നും കീറാമുട്ടിയായി കിടക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. ഒന്നരക്കോടിയിലധികം മലയാളികളാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളത്.അവരുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കരുത്. പ്രവാസി സമൂഹത്തിന്റെ  കൃത്യമായ ഡാറ്റ ബാങ്കുണ്ടാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ്, പ്രവാസി കമ്മീഷന്‍, പ്രവാസി ക്ഷേമനിധിബോര്‍ഡ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, മികച്ചതാക്കാന്‍ പ്രവാസികാര്യത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രി അനിവാര്യമാണ്. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകള്‍ യോജിപ്പോടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

പ്രവാസികളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *