കവിത – വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും

കവിത – വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ കവിതാ മത്സരത്തിലെ ഒന്നാം സമ്മാനത്തിനര്‍ഹമായ കവിത

     റോമി ബെന്നി

മിഴിയിണകളില്‍ നിന്നകന്നുമറഞ്ഞെന്നാകിലും
മനമതില്‍ മായാതെ മലനാടിന്‍ മഹിതമാമോര്‍മ്മ
മഴ പെയ്തു നനഞ്ഞ മഹിതലം പോല്‍ മാനസമാര്‍ദ്രമാക്കുന്നതില്ലേ
ദേശാന്തര ജോലിതേടി പാര്‍ത്തവനെങ്കിലുമുള്ളിന്റെയുള്ളിലലിഞ്ഞു
ചേര്‍ന്നതു നീക്കുവാനായില്ലൊരു കാഴ്ചയ്ക്കുമൊരുനാളിലും
സ്മൃതി താളത്തില്‍ പെയ്യുന്ന വിരഹവര്‍ഷ
മിഴിനീര്‍ത്തുള്ളികള്‍ കോര്‍ത്തൊരുകവനമാലയണിയുന്നിതേ
കാലചക്രമാകെതിരിഞ്ഞതില്‍പ്പെട്ടു തൃണംപോല്‍
ഞെരിഞ്ഞതെന്‍ സ്വപ്നങ്ങള്‍ തന്‍ഹരിത സഞ്ചയം
മനസിലൊരുനാള്‍ മഴവില്ലുപോലെ തെളിഞ്ഞ
പ്രണയവര്‍ണ്ണമൊഴിഞ്ഞകന്നു പോയതും
കറുപ്പും വെളുപ്പുമൊഴുക്കുന്ന വീഥിയിലഭയാര്‍ത്ഥിയായൊരുനാള്‍ വന്നു
ചേര്‍ന്നതിന്നലെയെന്നപോല്‍ തെളിയുന്നിതേ ചിത്തദര്‍പ്പണത്തിങ്കലിടയ്ക്കിടെ
നാട്ടില്‍പണിയുമെന്നു വെറുതെമോഹിച്ചു വരച്ച ഗേഹരൂപമോ
പരിണാമമൊന്നുമേ വരാതെ പരിമാണതെറ്റുവരുത്താതെ
നിശ്ചല രേഖയായി താളിലമര്‍ന്നതു വെള്ളയുറുമ്പുകള്‍ പൊടിച്ചതെന്‍ ഹൃദയം
ജലരേഖപോലെ മാഞ്ഞൊരെന്‍ മോഹങ്ങളോര്‍ത്തശ്രു രുചിച്ചൊരാനാളിലും
മറ്റൊരുമണ്ണിലായി ജീവിതമെന്നറിഞ്ഞതിനാലതു വിധിയെന്നുയുറച്ചടങ്ങി
യമര്‍ന്നു സ്വയംമറന്നിതേവരെയെന്നാകിലും
പച്ചപ്പാടത്തുകൊറ്റികള്‍ കൊത്തിപ്പെറുക്കുന്നകാഴ്ചതന്‍ ഭംഗികണ്ടു
നടക്കുന്ന വീഥിതന്നരികിലാ കല്ലുപാലച്ചോട്ടില്‍
കൂട്ടരൊത്തു കഥകള്‍ പറഞ്ഞു രസിച്ചതും തൊഴിലില്ലാ യുവജന സമ്മേളനമെന്നു പരിഹസിച്ചവര്‍ക്കിരട്ട
നാമകരണംചെയ്തു ചിരിച്ചു മറിഞ്ഞതും,
പ്രേമത്തിന്‍ മോഹമേകിയൊരുനാളാക്കാമിനിക്കണ്ണിലെ വിസ്മയ ദര്‍ശനം
നിര്‍വൃതിയായി തീര്‍ന്നതു മറന്നു പോവാതിന്നുമോര്‍മ്മയിലുള്‍പ്പുളകമേകുന്നുവോ
ജന്മവീടുമാബന്ധങ്ങള്‍തന്‍ രജതരേഖയുമൊരു
മിന്നല്‍പ്പിണര്‍പോല്‍ ക്ഷണഭംഗിയേകി മറഞ്ഞുവോ
പ്രണിയിനിതന്‍ കഴുത്തിലാരോ വരണമാലചാര്‍ത്തിയ
വളന്യയായതറിഞ്ഞു തലയിണ മിഴിനീരില്‍ നനഞ്ഞു
കരിമ്പനടിച്ചതു കരളതില്‍ കരിമട്ടായടിഞ്ഞുകിടന്നതു കറയായി
മാറിയതുമായ്ക്കാനായില്ല കാലമെന്ന രജകനും.
പേക്കിനാവുപോല്‍ ചിലസ്മരണ തന്‍ ഖിന്നത
ഭാരമായിത്തീരാതെ നോക്കേണമീ വീണിടമാണെന്‍ലോകമെന്നു
നിനവില്‍ സ്വയംചൊല്ലിക്കൊടുത്തുള്‍ഭീതിയകറ്റിയിക്കാലമത്രയും
ഉണ്ണുവാനുടുക്കുവാനുറങ്ങുവാനഭയമേകീയരൊന്യ
മണ്ണിലിനിയുമുത്സാഹമോടേ കഴിയണമെന്നു
നിനയ്ക്കിലുമെന്തേയീമധ്യപ്രായമെത്തിയനാളതില്‍ സ്മരണകളിടയ്ക്കിടെ
സൂചിപോല്‍ കുത്തിമുറിക്കുന്നെന്‍ മാനസമതിവിലോലമായ്
ഓര്‍മയായി മാറുന്നിടങ്ങളിലൊന്നു പോയി
നോക്കിയാകദനഭാരമൊഴിക്കണം
പൊട്ടാത്ത സ്വപ്നത്തോടിനകത്തല്പമിരുന്നു
വരും ജന്മസ്വപ്നസഞ്ചാര സുഖമേന്തിരമിക്കണം
ആത്മാവില്‍ കുത്തിക്കയറിയിറങ്ങാതിരിക്കുന്ന നാട്ടിലിനിയും
ഞാനായി പിറക്കാനൊരുങ്ങണം
സ്മൃതിയുടെ പൊന്‍കറ്റകളിടനെഞ്ചോടുചേര്‍ത്തുപിടിച്ചതു
കുലുക്കിയൂതിര്‍ത്തി പൊന്മണികളായികൂട്ടിവെയ്ക്കണം.
ഒഴിഞ്ഞ പാടമായിയമരുന്ന നിനവിലെ നനവാര്‍ന്ന
മുറ്റത്തു നഷ്ടവസന്തത്തിന്‍ സ്വപ്നവിത്തുവിതച്ചല്‍പ്പമിരിക്കണം
തനിയെ വളര്‍ന്നു വിടര്‍ന്നമോഹമലരുകളില്‍ നിറഞ്ഞ
മധുവൂറ്റീനുകര്‍ന്നതിമോദമോടെ മതിമറക്കേണമെന്നാശ
വിഫലമാകാതിരുന്നാലതി ഭാഗ്യവാന്‍ ഞാനീയുലകില്‍ നിശ്ചയം.

 

 

കവിത – വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *