നെല്ലച്ഛന്
അന്ത്യാഞ്ജലി
നെല്വയലുകളെ സ്നേഹിക്കുകയും, പരമ്പരാഗത കൃഷി രീതികളെ മുറുകെ പിടിക്കുകയും ചെയ്ത മലയാളത്തിന്റെ നെല്ലച്ഛന് അന്ത്യാഞ്ജലി.
രാജ്യം പത്മശ്രീ നല്കി ആദരിച്ച അദ്ദേഹം കാര്ഷിക കേരളത്തിന്റെ പ്രതീകമായിരുന്നു. നാല്പത്തിലധികം നെല്ലിനങ്ങളുടെ സംരക്ഷകനും കൃഷിയുടെ പ്രചാരണത്തിനായി ജീവിതം സമര്പ്പിച്ച കര്മ്മ യോഗിയെയാണ് നാടിന് നഷ്ടപ്പെടുന്നത്.
ജീവിതം കാലത്തിനും ജനങ്ങള്ക്കും വരാനിരിക്കുന്ന തലമുറക്കും വേണ്ടിയുള്ളതാണെന്ന് നാടിനെ പഠിപ്പിച്ച മഹത് വ്യക്തിത്വമാണ് ചെറുവയല് രാമന്. യുവജനങ്ങളോട് കാര്ഷികവൃത്തിയിലേക്ക് ഇറങ്ങാന് അദ്ദേഹം ആഹ്വാനം ചെയ്തു. പാന്റഴിച്ചുവച്ച് പാടത്തേക്ക് ഇറങ്ങാനുള്ള സന്ദേശം ഒരു ജനത വിശപ്പടക്കാന് അന്യ സംസ്ഥാനങ്ങളെ കാത്തുനില്ക്കേണ്ടതില്ലെന്ന മഹിത സന്ദേശം ആയിരുന്നു. രാജ്യത്തെയും ലോകത്തെയും പ്രമുഖ കാര്ഷിക ശാസ്ത്രജ്ഞര് അടക്കമുള്ളവര് അദ്ദേഹത്തിന്റെ മാനന്തവാടിക്കടുത്ത കന്മനയിലെ വീട്ടിലേക്ക് ഒഴുകിയെത്തി. വന്നവര്ക്കെല്ലാം സൗജന്യമായി അദ്ദേഹം കൃഷി അറിവുകള് പകര്ന്നു നല്കി. കൂടെ നെല്വിത്തുകളും. ഒരൊറ്റ കണ്ടീഷനെ ഉണ്ടായിരുന്നുള്ളൂ. അടുത്ത വര്ഷം കൃഷി ചെയ്ത് ഈ വിത്ത് തിരികെ തരണം. അതിനര്ത്ഥം എല്ലാവരെയും കൃഷിയിലേക്ക് നയിക്കാന് പ്രേരിപ്പിച്ചു എന്നാണ്.
കേരളം പോലുള്ള ഉപഭോക്തൃ സംസ്കാരമുള്ള ഒരു ജനതയ്ക്ക് ഇത്തരത്തിലുള്ള മഹത്തുക്കളുടെ ജീവിതം സ്വജീവിതമാക്കാതെ വരാനിരിക്കുന്ന കാലത്ത് പിടിച്ചുനില്ക്കാനാവില്ല. ആഗോളതാപനം അടക്കമുള്ള കാലാവസ്ഥ ഭീഷണികള് വരുമ്പോള് നമ്മുടെ മണ്ണും കൃഷിയും നെഞ്ചോട് ചേര്ത്ത് പിടിക്കാന് ഓരോ മലയാളികളും ബാധ്യതപ്പെട്ടവരാണ്. അത്യപൂര്വമായ നെല്വിത്തുകളാണ് ചെറുവയല് രാമന് കാത്തുസൂക്ഷിച്ചത്. ഇത്തരം ഒരു ജീവിതത്തിന് എണ്ണമറ്റ ത്യാഗമാണ് ആ മനുഷ്യസ്നേഹിക്ക് സഹിക്കേണ്ടി വന്നത്. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ആ ജീവിതത്തെ രാജ്യം പത്മശ്രീ നല്കിയാണ് ആദരിച്ചത്.
ചെറുവയല് രാമന് എന്ന നെല്ലച്ഛന് വിടവാങ്ങുമ്പോള് നഷ്ടമാകുന്നത് നമ്മുടെ മണ്ണിനെയും കൃഷിയേയും വരും തലമുറക്കായി കൃഷിയറിവുകള് കാത്തുസൂക്ഷിച്ച ഒരു മഹത് ജീവിതമാണ്. ആ മഹിത ജീവിത സന്ദേശം ഓരോ മലയാളിയും കാത്തുസൂക്ഷിക്കണം.
നമ്മുടെ കാര്ഷിക സംസ്കൃതി കാത്തുസൂക്ഷിക്കാന് എടുക്കുന്ന പ്രതിജ്ഞയാണ് നെല്ലച്ഛന് നല്കാനുള്ള യാത്രാമൊഴി. കാലം മറക്കാത്ത ഓര്മ്മകള്, ജീവിത രീതികള്, കാര്ഷിക അറിവുകള് കേരളത്തിന് സമ്മാനിച്ച നെല്ലച്ഛന് പീപ്പിള്സ് റിവ്യൂവിന്റെ ആദരാഞ്ജലി.
