സുൽത്താൻ ബത്തേരി ഗവ. കോളജ്: ഫയൽ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആറ് കോഴ്സുകളുമായി താൽക്കാലികമായി കോളജ് അടത്ത അധ്യയന വർഷം മുതൽ ആരംഭിക്കാനുള്ള സമഗ്ര റിപ്പോർട്ടിന്മേലുള്ള തുടർനടപടിക്കൾക്കായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറി കൈമാറി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കോളജ് തുടങ്ങാനായി ടോക്കൺ പ്രൊവിഷനായി രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു. തുടർന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ നേത്വത്തിൽ ഉന്നതതല വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും തദ്ദേശസ്വയംഭരണ പ്രസിഡന്റുമാരുടെയും മറ്റും യോഗം ചേർന്ന് കോഴ്സുകളും താൽക്കാലികമായ കോളജ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്താനും കോളജ് നിർമിക്കാനാവശ്യമായ ഭൂമികണ്ടെത്തുന്നതിനും മൂന്ന് സബ്കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് ആദ്യം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എം.എൽ.എ കൈമാറി. ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ യോഗത്തിലും സമർപ്പിച്ചിരുന്നു.
ഇതാണ് തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്. ജില്ലയിലെ മറ്റ് കോളജുകളിൽ ഇല്ലാത്തതും നൂതനവുമായ ആറ് കോഴ്സുകളോടെ കോളജ് തുടങ്ങാനാണ് തീരുമാനം. കൂടാതെ ഗോത്ര വിദ്യാർഥികൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന കോഴ്സുകളും ഉൾപ്പെടുത്തിയാകും കോളജ് അടുത്ത അധ്യയനവർഷം മുതൽ താൽക്കാലിക കേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കുക. കല്ലൂരിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് തുടങ്ങാനായി വാങ്ങിയ ഏഴ് ഏക്കർ ഭൂമി വെറുതെ കിടക്കുകയാണ്. കോളജ് നിർമിക്കാൻ ഭൂമി സൗജന്യമായി ലഭിക്കാത്തതിനാൽ കല്ലൂരിൽ ദേശിയപാതയോട് ചേർന്ന് കിടക്കുന്ന ഭൂമി കോളജ് നിർമിക്കാൻ വിട്ടുകിട്ടാനായി ഇതിനകം പ്രൊപ്പോസലും നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ സർക്കാർ കോളജ് ഇല്ലാത്തതിനാൽ സാധാരണക്കാരായ നിരവധി വിദ്യാർഥികളുടെ ഉന്നതപഠനം പ്രതിസന്ധിയിലാണ്. കോളജ് വരുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് മണ്ഡലത്തിൽ സർക്കാർ കോളജ് അനുവദിച്ചത്. പിന്നീട് ഇതിന്റെ തുടർ നടപടിക്രമങ്ങൽ വേണ്ട രീതിയിൽ മുന്നോട്ട് പോയിരുന്നില്ല. കോഴ്സുകൾ തീരുമാനിച്ചും താൽക്കാലികമായ സ്ഥലം കണ്ടെത്തി നൽകുകയും ചെയ്തെങ്കിലും ഫണ്ടിന്റെ അഭാവം കാരണം കോളജ് തുടങ്ങുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഇതാണിപ്പോൾ പരിഹരിക്കപ്പെട്ട് താൽകാലികമായി കോളജ് പ്രവർത്തനമാരംഭിക്കാനുള്ള നടപടികളിലെത്തിയിരിക്കുന്നത്.
