കാലവര്‍ഷക്കെടുതിയെ സൂക്ഷിക്കാം, വീടിന് ഭീഷണിയായി അയല്‍വാസിയുടെ മരങ്ങള്‍: എന്തുചെയ്യും?
പ്രായമായ മാതാപിതാക്കളാണ് വീട്ടിലുള്ളത്. തൊട്ടടുത്ത പുരയിടത്തില്നിന്നുള്ള മരങ്ങള്‍ ഞങ്ങളുടെ വീടിനുമുകളിലേക്ക് പടര്‍ന്നുനില്‍ക്കുകയാണ്. ഞങ്ങള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ല. ഇതിന് നിയമപരമായി എന്താണ് ചെയ്യേണ്ടത്?
അതിരില്‍നിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതുസംബന്ധിച്ച് വ്യക്തമായ നിയമങ്ങളില്ല. തങ്ങളുടെ മരംമൂലം അയല്‍വാസിക്ക് ശല്യം ഉണ്ടാകാതിരിക്കുവാന്‍ ഓരോ വസ്തു ഉടമയും ശ്രദ്ധിക്കുകയെന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു തര്‍ക്കം ഉണ്ടായാല്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാം. അതിനുകഴിഞ്ഞില്ലെങ്കില്‍, തദ്ദേശസ്ഥാപനത്തില്‍ രേഖാമൂലം പരാതി കൊടുക്കുക. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അപകടകരമായി നില്ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിനീക്കാന്‍ ഉടമസ്ഥനോട് പഞ്ചായത്തിന് ആവശ്യപ്പെടാം. സമാന നിയമം മുനിസിപ്പാലിറ്റീസ് ആക്ടിലുമുണ്ട്.
താങ്കളുടെ പരാതിയില്‍ പഞ്ചായത്ത് എന്ത് നടപടിയാണ് എടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം ചോദിക്കാം. പഞ്ചായത്ത് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് താങ്കള്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം മുന്‍പ് അയച്ച പരാതിയുടെ കോപ്പിയും ആവശ്യമായ രേഖകളും സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന് പരാതി അയക്കാം.
ഓംബുഡ്സ്മാന് പരാതി നല്കാന് സാധിക്കില്ലെങ്കില്‍ താങ്കളുടെ ജില്ലയിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് (ആര്‍ഡിഒ) പരാതി നല്കിയാലും മതി. എല്ലാ പരാതിയുടെയും മറുപടികളുടെയും കോപ്പികള്‍ സൂക്ഷിച്ചുവയ്ക്കാന്‍ മറക്കരുത്. ഇത്രയൊക്കെ ആയിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍, വക്കീല്‍ മുഖാന്തരം ഒരു സിവില്‍ കോടതിയെ സമീപിക്കേണ്ടതായി വരും.
