നിര്‍മ്മിത സാഹിത്യ രചന ജഡരൂപത്തിലുള്ളത്; യു.കെ.കുമാരന്‍

നിര്‍മ്മിത സാഹിത്യ രചന ജഡരൂപത്തിലുള്ളത്; യു.കെ.കുമാരന്‍

കോഴിക്കോട്: കഥകളും, കവിതകളും നിര്‍മ്മിത ബുദ്ധിയാല്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അത് ജഡരൂപത്തിന് സമാനമായി മാറുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ ഗാന്ധിഗൃഹത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിന്റെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ ഐ സൃഷ്ടികളുണ്ടാക്കുമ്പോള്‍ അത് മനുഷ്യ മനസ്സിന്റെ ആഴത്തിലുള്ള സഞ്ചാരങ്ങളില്‍ നിന്ന് ഉയിര്‍കൊള്ളുന്ന രചനകള്‍ക്ക് സമാനമാവില്ല. സമീപകാല രചനകളില്‍ മഹാഭൂരിപക്ഷവും വായനക്കാരന്റെ മനസ്സിനെ സ്വാധീനിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യ കൃതിയെ വിലയിരുത്തുന്നത് കാലമാണ്. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിക്ക് ആദ്യകാലത്ത് ലഭിക്കാതിരുന്ന ജനപ്രീതി പില്‍ക്കാലത്തുണ്ടായത് ഇതിനുദാഹരണമാണ്. എഴുത്തുകാരന്‍ ഉപയോഗിക്കുന്ന ഭാഷ വൈകാരികമായിരിക്കണം. അത് ജൈവികമായിരിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ ചെറുകഥ, കവിത മത്സര വിജയികള്‍ക്ക് യു.കെ.കുമാരനും, പി.പി.ശ്രീധരനുണ്ണിയും പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കളായ സുശീല പ്രഭാകര്‍, നിഷാകുമാരി.ടി, സുദര്‍ശനന്‍ കോടത്ത്, റോമി ബെന്നി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നോവലിസ്റ്റ് കെ.ജി.രഘുനാഥ്, പി.ഗംഗാധരന്‍ നായര്‍, കവി മോഹനന്‍ പുതിയോട്ടില്‍ ആശംസകള്‍ നേര്‍ന്നു. ശ്രീധരന്‍ കൊയിലാണ്ടി രചിച്ച ബോണ്‍സായി(കവിതാ സമാഹാരം), ബോംബെ സൂപ്പര്‍ ഫാസ്റ്റ് എന്നീ പുസ്തകങ്ങള്‍ യു.കെ.കുമാരനും, പി.പി.ശ്രീധരനുണ്ണിയും പ്രകാശനം ചെയ്തു. സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ പ്രസിദ്ധീകരിച്ച സാഹിത്യ സപ്ലിമെന്റ് ചടങ്ങില്‍വെച്ച് പ്രകാശനം ചെയ്തു. പുരുഷു ടി നന്ദി പറഞ്ഞു.

നിര്‍മ്മിത സാഹിത്യ രചന ജഡരൂപത്തിലുള്ളത്;
യു.കെ.കുമാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *