മാഹി: ഭാവിയിലെ വിജയത്തിലേക്കുള്ള ശരിയായ വഴികള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മാഹി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ശില്പശാല സംഘടിപ്പിച്ചു. അബൂദബി മാഹി വെല്‍ഫെയര്‍ അസോസിയേഷനും, സി.ജി. മാഹി ചാപ്റ്ററും സംയുക്തമായി ‘What Next? What for Future?’
എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങള്‍, ഭാവിയില്‍ തുറന്നുവരുന്ന തൊഴില്‍ സാധ്യതകള്‍, നിലവിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട രീതികള്‍, ഭാവിയിലെ വിജയത്തിന് ആവശ്യമായ കഴിവുകള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുകയായിരുന്നു ശില്പശാലയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ചോദ്യോത്തരവേളയും ഒരുക്കിയിരുന്നു.
മാഹി ഡയാലിസിസ് സെന്ററില്‍ നടന്ന പരിപാടിയില്‍ സി.ജി. മാഹി ചാപ്റ്റര്‍ പ്രസിഡന്റ് ടി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ജി. കരിയര്‍ കൗണ്‍സിലറും മോട്ടിവേറ്ററുമായ ജംഷീദ ക്ലാസിന് നേതൃത്വം നല്കി. കോ-ഓര്‍ഡിനേറ്റര്‍ റഫീദ മജീദ് സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു.
കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി വളര്‍ത്തുന്നതിനും, ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ക്ക് അവരെ സജ്ജരാക്കുന്നതിനുമായി മാഹിയില്‍ ഒരു ‘സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍’ സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. മാഹി, അഴിയൂര്‍, ന്യൂ മാഹി പ്രദേശങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
ഭാവി ലോകത്തേക്ക് കുട്ടികള്‍ക്ക് വഴികാട്ടിയായി ശില്പശാല
