ഹൃദയ ദിനത്തില്‍ കോഴിക്കോടിന്റെ ഖല്‍ബില്‍ കൂറ്റന്‍ മണല്‍ ഹൃദയം; ആസ്റ്റര്‍ മിംസിന് ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സ്

ഹൃദയ ദിനത്തില്‍ കോഴിക്കോടിന്റെ ഖല്‍ബില്‍ കൂറ്റന്‍ മണല്‍ ഹൃദയം; ആസ്റ്റര്‍ മിംസിന് ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സ്

ഹൃദയദിനത്തോടനുബന്ധിച്ച് ഹാര്‍ട്ട് ടു ഹാര്‍ട്ട് കെയര്‍ വാക്കിലൂടെ
നിര്‍ദ്ധന കുരുന്നുകള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയും

കോഴിക്കോട്: ശില്പകലയ്ക്കും സാംസ്‌കാരിക പാരമ്പര്യത്തിനും പേരുകേട്ട കോഴിക്കോടിന്റെ തീരത്ത് മനുഷ്യഹൃദയത്തിന്റെ ഏറ്റവും വലിയ മണല്‍ ശില്പം തീര്‍ത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നിര്‍മ്മിച്ച 30 അടി നീളവും 30 അടി വീതിയുമുള്ള മണല്‍ ശില്പത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.
പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷാണ് മനുഷ്യഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും തന്മയത്വത്തോടെ മണലില്‍ പുനഃസൃഷ്ടിച്ചത്. ബീച്ചില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധികളില്‍ നിന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഔദ്യോഗിക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഉപഹാരവും ഏറ്റുവാങ്ങി. കലയും ആരോഗ്യ ബോധവല്‍ക്കരണവും സാമൂഹിക സേവനവും കോര്‍ത്തിണക്കി സംഘടിപ്പിച്ച ഈ ഹൃദയദിന പരിപാടിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ആശുപത്രി സി.ഒ.ഒ. ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ശില്പകലയെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണത്തെ ലളിതവും ജനകീയവുമാക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനുള്ള വലിയൊരു അംഗീകാരമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദയദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോണില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദ്രോഗ സര്‍ജറിക്ക് വേണ്ടിയുള്ള ഹാര്‍ട്ട് ടു ഹാര്‍ട്ട് ക്യാമ്പയിനും സിഒഒ ഗോപിനാഥ് മാമ്പള്ളികളം പ്രഖ്യാപിച്ചു. ഓരോ വ്യക്തിയുടെയും 10,000 ചുവടുകള്‍ക്ക് പകരമായി നിര്‍ധനരായ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയക്ക് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് നിശ്ചിത പണം മാറ്റി വെക്കുകയും ശേഷം ഈ പണം ഉപയോഗിച്ച് കുട്ടികളുടെ സര്‍ജറി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ക്യാമ്പയിനിലൂടെ 36 കുട്ടികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും നമ്മുടെ ഹൃദയ സംരക്ഷണത്തോടൊപ്പം ഒരു കുഞ്ഞ് ഹൃദയത്തിന്റെ സംരക്ഷണത്തിനും വേണ്ടിയാണ് ഈ ക്യാമ്പയിന്‍ നടത്തുന്നതെന്ന് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ പറഞ്ഞു. ശേഷം ഹൃദയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുജന ചര്‍ച്ചകള്‍ക്ക് ആസ്റ്റര്‍ മിംസിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുകള്‍ നേതൃത്വം നല്‍കി.
ആസ്റ്റര്‍ മിംസിന്റെ കാല്‍ നൂറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കുന്ന ഈ സുവര്‍ണ്ണ വേളയില്‍ ലഭിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം ഇരട്ടി മധുരമാണ് നല്‍കുന്നതെന്ന് ആശുപത്രി മാനേജ്മന്റ് വ്യക്തമാക്കി. ഡോ. ഗോപിനാഥ് മാമ്പള്ളികളം സി.ഒ.ഒ ആസ്റ്റര്‍ മിംസ്, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി, ഡോ. ജയേഷ് ഭാസ്‌കരന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യര്‍, ഡോ. സുദീപ് കോശി കുര്യന്‍, ഡോ. സന്ദീപ് മോഹനന്‍, ഡോ. ബിജോയ്.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

ഹൃദയ ദിനത്തില്‍ കോഴിക്കോടിന്റെ ഖല്‍ബില്‍ കൂറ്റന്‍ മണല്‍ ഹൃദയം;
ആസ്റ്റര്‍ മിംസിന് ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സ്

Share

Leave a Reply

Your email address will not be published. Required fields are marked *