സംസ്ഥാനത്ത് 44,279 മുന്‍ഗണനാ കാര്‍ഡുകള്‍ പുറത്തേക്ക്
തിരുവനന്തപുരം: തുടര്‍ച്ചയായി ആറ് മാസം റേഷന്‍ വിഹിതം വാങ്ങാത്ത കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ പൂര്‍ണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് പിഡിഎസ്’ (സ്കീം ഫോര്‍ മോഡനൈസേഷന്‍ ആന്‍ഡ് റിഫോംസ് ത്രൂ ടെക്നോളജി ഇന്‍ പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നതോടെ ആറ് ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുകള്‍ വെട്ടിമാറ്റപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെര്‍വറുമായി ബന്ധിപ്പിച്ച് താഴെത്തട്ടില്‍ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാര്‍ട്ട് പിഡിഎസ് സംവിധാനം.ഒരേ വ്യക്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഈ സോഫ്റ്റ്വെയര് വഴി എളുപ്പത്തില്‍ കണ്ടെത്താനാകും.16 ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് ഈ നടപടി നേരിട്ട് ബാധിക്കുക.2024-ലാണ് കേരളം ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സ്മാര്‍ട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തില്‍ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുന്‍ഗണനാ കാര്‍ഡുകളിലാണ് കേന്ദ്രം കര്‍ശന നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി ഒരു തവണ പോലും റേഷന്‍ വാങ്ങാത്ത 44,279 കുടുംബങ്ങളാണ് മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ഇതില്‍ 5,370 അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാര്‍ഡുകളിലായി 6,401 ഗുണഭോക്താക്കളും, 38,909 മുന്‍ഗണനാ (പിഎച്ച്എച്ച് – പിങ്ക്) കാര്‍ഡുകളിലായി 60,300 ഗുണഭോക്താക്കളുമുണ്ട്. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട (നീല, വെള്ള, ബ്രൗണ്‍) 5,62,494 കാര്‍ഡുകളാണ് ഇത്തരത്തില്‍ ആറ് മാസമായി റേഷന്‍ വാങ്ങാതെ നിര്‍ജ്ജീവമായി കിടക്കുന്നത്. ഇതില്‍ എന്‍പിഎന്‍എസ് (വെള്ള) വിഭാഗത്തില്‍ 4,33,811 കാര്‍ഡുകളും, എന്‍പിഎസ് (നീല) വിഭാഗത്തില്‍ 1,19,166 കാര്‍ഡുകളും, എന്‍പിഐ (ബ്രൗണ്‍) വിഭാഗത്തില്‍ 9,517 സ്ഥാപന കാര്‍ഡുകളുമുണ്ട്.
ഉപഭോക്താക്കള്‍ വാങ്ങാതെ കിടക്കുന്ന റേഷന്‍ വിഹിതം ഉദ്യോഗസ്ഥ-മൊത്തവ്യാപാരി ഒത്തുകളിയിലൂടെ വന്‍തോതില്‍ കരിഞ്ചന്തയിലേക്ക് ചോര്‍ത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കര്‍ശന നിരീക്ഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് മാത്രം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വിജിലന്‍സ് 75,000 കിലോഗ്രാം റേഷന്‍ അരിയാണ് റെയ്ഡുകളില് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം പാറശ്ശാലയിലെ ഒരു വീട്ടില്‍ നിന്ന് ആറായിരത്തോളം കിലോ അരിയും ഗോതമ്പും പിടികൂടിയിരുന്നു. തമിഴ്നാട്ടില്‍ സൗജന്യമായി വിതരണം ചെയ്യുന്ന റേഷന്‍ അരി അതിര്‍ത്തി കടത്തി കേരളത്തിലെത്തിച്ച് രഹസ്യ ഗോഡൗണുകളില്‍ സൂക്ഷിക്കുകയും, പിന്നീട് ഇവ പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ചാക്കുകളിലാക്കി കിലോയ്ക്ക് 48 മുതല്‍ 56 രൂപ വരെ നിരക്കില്‍ പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്ന വന്‍ അന്തര്‍സംസ്ഥാന മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാകും
