രാജ്യ ചരിത്രത്തില്‍ തന്നെ ഇതിനു മുന്‍പ് ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന് അഴിമതി നടത്തിയതിന്റെ പേരില്‍ ലഭിക്കാതിരുന്ന ശിക്ഷയാണ് ടോമിന് തച്ചങ്കരിക്ക് ലഭിച്ചിരിക്കുന്നത്. ഇതി അഴിമതിക്കാര്ക്കുളള നിയമവാഴ്ചയുടെ കനത്ത താക്കീതാണ്. ഇത്തരത്തില്‍ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുള്ളവര്‍ ആരായാലും അവരെ പിടികൂടി നിയമത്തിന്റെ മുന്പില് ഹാജരാക്കി കനത്ത ശിക്ഷ വാങ്ങിക്കൊടുക്കാനായാല് മാത്രമേ കേരളത്തെ അടിമുടി ബാധിച്ചിരിക്കുന്ന അഴിമതിക്കറുതി വരുത്താനാവൂ. അധികാരമുണ്ടാവുമ്പോള് എന്തുമാവാമെന്ന ഹുങ്കില്‍ നിന്നാണ് ഇത്തരം നീചമായ പ്രവര്‍ത്തികളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നത്. അനധികൃതമായി പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെയെല്ലാം പിടികൂടണം. ഇക്കാര്യത്തില്‍ ഓപ്പറേഷന് തൂഫാന് പോലുളള ഒരു സമഗ്രമായ പരിശോധന കേരളത്തില്‍ നടക്കണം. അഴിമതി നടത്തി പണം സമ്പാദിക്കുന്ന പ്രവണത അവസാനിപ്പിക്കാനായില്ലെങ്കില്‍ നമ്മുടെ നാട് പ്രയാസം നേരിടും. എല്ലാത്തിലും, ഏത് ഇടപാടിലും നമുക്കും കിട്ടണം പണം എന്ന ചിന്താഗതിയാണ് പലര്‍ക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി ജീവിച്ച ടോമിന് തച്ചങ്കരിക്ക് സര്‍ക്കാര്‍ ശമ്പളവും, മറ്റാനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ലഭിക്കുമ്പോള്‍ സമൂഹത്തിനായാണ് അര്‍പ്പിത മനസോടെ പ്രവര്‍ത്തിക്കേണ്ടത്. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേഖലയില്‍ അഴിമതി ശക്തമാണ്. ഇതിനറുതി വരുത്തി, ഇവരെല്ലാം സത്യസന്ധമായി സേവനം നടത്തിയാല്‍ നാടെത്ര നന്നാവും.
അഴിമതിക്കെതിരായ പോരാട്ടം നാടു മുഴുവന്‍ നടക്കണം. നമ്മുടെ വികസന പദ്ധതികളുടെ കാലതാമസം, അതിന്റെ ക്വാളിറ്റി എല്ലാം അഴിമതിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നല്ലൊരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നത് നിലനില്ക്കുമ്പോള് തന്നെ അഴിമതിയുടെ പുഴുക്കുത്തുകള്‍ പിഴുതെറിയേണ്ടതുണ്ട്.
ഉദ്യോഗസ്ഥരുടെ അഴിമതിക്ക് സംരക്ഷണം നല്കാന് ഇടവരരുത്. അഴിമതി സമൂഹത്തെ ബാധിക്കുന്നത് അപകടമാണ്. ടോമിന് തച്ചങ്കരിക്കെതിരായനിയമ യുദ്ധം നടത്തിയവരെപോലുള്ളവര് നമ്മുടെ നാട്ടിലുണ്ടാവണം. അഴിമതിക്കെതിരായ പോരാട്ടത്തിന് മിഴിവേകാന്‍ നാടുണരണം. അഴിമതി നടത്തുന്നവരുടെ അനധികൃതസ്വത്ത് കണ്ടുകെട്ടാന്‍ നടപടികളുണ്ടാവണം.
