കോഴിക്കോട്: കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വന്‍ തിരുത്തല്‍ നടപടി. സംഘടനയുടെ പോരായ്മകള്‍ പരിഹരിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിനായി അസാധാരണമായ തിരുത്തല്‍ നടപടികളാണ് സിപിഎം സ്വീകരിച്ചത്. മുതിര്‍ന്ന മൂന്ന് നേതാക്കളെ പുതുതായി ഉള്‍പ്പെടുത്തുകയും രണ്ട് പ്രമുഖരെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് സെക്രട്ടേറിയറ്റ് വിപുലീകരിച്ചത്. പി. ജയരാജനും എംബി രാജേഷും വി ശിവന്‍കുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ തോമസ് ഐസക്കും ടിപി രാമകൃഷ്ണനും പുറത്തായി. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കാനും പാര്‍ട്ടി അനുമതി നല്‍കി.
പുനഃസംഘടന അനിവാര്യമാണെന്ന ഉറച്ച നിലപാട് കേന്ദ്ര പൊളിറ്റ്ബ്യൂറോ സ്വീകരിച്ചതാണ് കോഴിക്കോട് യോഗത്തില്‍ ഇത്തരമൊരു അസാധാരണ നീക്കത്തിന് കളമൊരുക്കിയത്. പുതിയ കാലത്തിനൊത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ ദൗര്‍ബല്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നും യോഗത്തില്‍ വിശദമായ വിലയിരുത്തല്‍ നടന്നു.
സിപിഎമ്മില്‍ വന്‍ തിരുത്തല്‍ നടപടി
