സിപിഎമ്മും, സിപിഐയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയാണോ എന്ന സംശയത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി എല്‍ഡിഎഫിനെ തളര്‍ത്തിയിട്ടുണ്ട്. തോല്വിക്കുത്തരവാദിയാരെന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. മൂന്നാം പിണറായി സര്‍ക്കാരിനെ സ്വപ്നം കണ്ടവര്‍ക്ക് ജനങ്ങള്‍ ശക്തമായ തിരിച്ചടിയാണ് കൊടുത്തത്. കേരളത്തിന്റെ വികസനത്തിലും, ക്ഷേമ പ്രവര്‍ത്തനങ്ങളിലും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു സര്‍ക്കാര്‍ എങ്ങനെ ഇലക്ഷനില്‍ അമ്പേ പരാജയപ്പെട്ടത് എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ കോഴിക്കോട് വെച്ച് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാനിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയ്ക്ക് സിപിഎംന്റെ ഇത്തരം നടപടി സ്വാഗതാര്‍ഹമാണ്. മുന്‍വിധികളില്ലാത്ത ചര്‍ച്ചയും, തീരുമാനങ്ങളുമുണ്ടാകുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐക്കും ഇത്തരം ഒരു പരിശോധന നടത്തുന്നതില്‍ തെറ്റില്ല. തുറന്ന ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതൃത്വങ്ങള്‍ പിന്തുടരേണ്ടത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകത വരുമ്പോള്‍ അത് സമയാ സമയങ്ങളില്‍ ഇടപെട്ട് തിരുത്തിക്കുന്നതില്‍ തങ്ങള്‍ക്ക് പാളിച്ചയുണ്ടായോ എന്ന് സിപിഐ നേതൃത്വം പരിശോധിക്കേണ്ടതാണ്. പരാജയത്തിന് പല കാരണങ്ങള്‍ നിരത്താമെങ്കിലും ജനവികാരം പ്രതികൂലമാകുന്നതിലേക്ക് നയിച്ച മൂലകാരണങ്ങളാണ്സ്വയം വിമര്‍ശനപരമായി വിലയിരുത്തേണ്ടത്.
ഉപ പ്രതിപക്ഷ നേതൃ സ്ഥാനത്തെ ചൊല്ലിയാണ് ഇപ്പോള്‍ സിപിഎംഉം സിപിഐയും പോരടിക്കുന്നത്. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി എന്ന് പറഞ്ഞത്പോലെ അവസ്ഥയുള്ള എല്‍ഡിഎഫിന് ഈ രണ്ട് പാര്‍ട്ടികളുടെയും തര്‍ക്കം കൂനിന്മേല് കുരുവായിരിക്കുകയാണ്. സംസ്ഥാന ഭരണത്തെ ക്രിയാത്മകമായി വിലയിരുത്തി ഇടപെടുന്ന ശക്തമായ ഒരു പ്രതിപക്ഷമാണ് കേരളത്തിനാവശ്യം. അതിന് ഇരു പാര്‍ട്ടികളും തമ്മിലടി നിര്‍ത്തണം.
