ലോകത്തെയാകെ പ്രതിസന്ധിയിലാക്കി യു എസ് – ഇറാന് സംഘര്‍ഷം പുകയുകയാണ്. അമേരിക്കയും, ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചു എന്ന് കരുതിയ ഘട്ടത്തിലാണ് വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത്. ഇത് ലോകത്ത് വലിയ പ്രശ്നങ്ങളാണുണ്ടാക്കികൊണ്ടിരിക്കുന്നത്. മിഡിലീസ്റ്റ് രാജ്യങ്ങള്‍ ഇന്ന് അശാന്തിയിലാണ്. അമേരിക്ക ഇറാനെതിരെ ആക്രമണം കടുപ്പിക്കുമ്പോള്‍ ഇറാന് മിഡിലീസ്റ്റ് രാജ്യങ്ങളെയാണ് ആക്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഈ യുദ്ധം കാരണം പ്രതിസന്ധിയിലായതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റതിന് ശേഷം തുടങ്ങിയ അപക്വമായ നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴും നിലനില്‍ക്കുന്ന സംഘര്‍ഷം. ഇന്ത്യയെയും ഈ യുദ്ധം വലിയതോതിലാണ് ബാധിച്ചിട്ടുള്ളത്. വിലക്കയറ്റം കൂടുന്നു എന്നതാണ് ഒരു പരിണിത ഫലം. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല കമ്പനികളും ഇന്ന് നഷ്ടത്തില്‍ കൂപ്പുകുത്തിയിരിക്കുകയാണ്. ഇത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുകയാണ്. പ്രവാസികളുടെ വരുമാനം കുറഞ്ഞാല്‍ അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും. അമേരിക്കയും, ഇറാനും തമ്മിലുള്ള സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയ്യെടുക്കണം. ഐക്യരാഷ്ട്ര സഭയ്ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാത്തത് ദുഃഖകരമാണ്. എല്ലാ യുദ്ധങ്ങളിലും നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെടുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അടിയന്തിര ശ്രമങ്ങളുണ്ടാവുമെന്ന് പ്രത്യാശിക്കാം.
