പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എത്തണമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദ്ദേശം ജനാധിപത്യത്തിന് കരുത്ത് പകരുന്നതാണ്. സിജെപി പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിക്കെതിരെയും, അയോധ്യ ശ്രീരാമ ക്ഷേത്രക്കൊള്ള ഉയര്‍ത്തിയും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തുടര്‍ച്ചയായി രാജ്യസഭയില്‍ ഹാജരാകാത്തത് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഡല്‍ഹി പൊലീസ് വേട്ട സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത്ഷായാണെന്നും, അദ്ദേഹം രാജ്യസഭയിലെത്തണമെന്നുള്ള ആവശ്യങ്ങളാണ് സഭയില്‍ ഉന്നയിക്കപ്പെടുന്നത്. ഇക്കാര്യത്തിലിടപെട്ടാണ് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി.രാധാകൃഷ്ണന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിനോട് അമിത്ഷാ പാര്‍ലമെന്റിലെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. സഭാനടപടികള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതും ഭരണ-പ്രതിപക്ഷത്തിന്റെ ആരോഗ്യകരമായ സംവാദങ്ങള്‍ നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതവുമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. അതുപോലെ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കാതെ നിരന്തരം തടസ്സങ്ങളുന്നയിക്കുന്നതും ഭൂഷണമല്ല. രാജ്യസഭയും, ലോകസഭയും പാസാക്കുന്ന കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നതാകയാല്‍ അതിലെല്ലാം കൃത്യമായ ചര്‍ച്ച ആവശ്യമാണ്. ഇരുസഭകളിലും ശബ്ദവോട്ടോടേയാണ് നിയമങ്ങളടക്കം പാസാക്കപ്പെടുന്നത്. ഇതൊന്നും ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയല്ല. സഭയില്‍ ശക്തമായ ചര്‍ച്ചകളും ആവശ്യമെങ്കില്‍ വിയോജന കുറിപ്പുകളും, വോട്ടെടുപ്പും നടക്കുമ്പോഴാണ് സഭാ നടപടികള്‍ പരിപൂര്‍ണ്ണമാകുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ ഒന്നാണ് സിജെപി പ്രക്ഷോഭം. അതിന്റെ തുടര്‍ച്ചയായ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം ഉത്തരവാദിത്തപ്പെട്ടവര്‍ സഭയില്‍ ഹാജരായി ജനാധിപത്യ നടപടികളുടെ ഭാഗമാകേണ്ടതാണ്. ഉപരാഷ്ട്രപതിയുടെ നിര്‍ദ്ദേശം നമ്മുടെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതാണ്.
