‘കോ-ഓപ്പറേറ്റിവ് ഗ്രീന്‍ ഹോം’ പദ്ധതിയിലൂടെ 110 കുടുംബങ്ങള്‍ ഹരിത ഭവനത്തിലേക്ക്
കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തേയും, സുസ്ഥിര ജീവിത ശൈലിയേയും സഹകരണ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് കോ. ഓപ്പറേറ്റീവ് ‘കോ-ഓപ്പറേറ്റിവ് ഗ്രീന്‍ ഹോം’ പദ്ധതിക്ക് തുടക്കമിട്ടു. ബേങ്കിലെ 110 ഓളം വരുന്ന ജീവനക്കാരുടേയും ഭരണ സമിതിയംഗങ്ങളുടേയും വീടുകള്‍ ശാസ്ത്രീയ മാലിന്യ സംസ്ക്കരണവും ജൈവകൃഷിയും ഉള്‍ക്കൊള്ളുന്ന ഹരിത ഭവനങ്ങളാക്കി മാറ്റുകയാണ് ജീവനക്കാരുടേയും, ഭരണസമിതി പദ്ധതിയുടെ ലക്ഷ്യം.
കേരളത്തില്‍ ആദ്യമായും ഒരുപക്ഷെ രാജ്യത്ത് തന്നെ ഒരു സഹകരണ സ്ഥാപനം ഇത്തരമൊരു സമഗ്ര ഹരിതഹരിത ഭവന പദ്ധതി നടപ്പാക്കുന്നതെന്ന പ്രത്യേകതയും ഈ സംരഭത്തിനുണ്ട്.
ഓരോ വീട്ടിലും ജൈവ-അജൈവ പാഴ് വസ്തുക്കള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് ശേഖരിക്കുന്ന സംവിധാനമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസ്, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോ കമ്പോസ്റ്റ് ബിന്‍, മണ്ണിര കമ്പോസ്റ്റ് എന്നിവയിലൂടെ സംസ്ക്കരിച്ച് ജൈവവളമാക്കി മാറ്റും. ഈ വളം ഉപയോഗിച്ച് വീട്ടു വളപ്പില്‍ പച്ചക്കറികളും, പഴ വര്‍ഗങ്ങളും കൃഷി ചെയ്ത് ഭക്ഷ്യ സുരക്ഷയും, പരിസ്ഥിതി സംരക്ഷണവും ഒരു പോലെ ഉറപ്പാക്കും. പ്ലാസ്റ്റിക്, ഗ്ലാസ്, മറ്റ് അജൈവ പാഴ് വസ്തുക്കള്‍ പ്രത്യേകം തരം തിരിച്ച് കളര്‍ കോഡ് ബിന്നുകളില്‍ ശേഖരിച്ച് പുനരുപയോഗത്തിനും, ശാസ്ത്രീയ സംസ്ക്കരണത്തിനും കൈമാറും, ഇതിലൂടെ പാഴ് വസ്തുക്കള്‍ കത്തിക്കുകയോ, പൊതുസ്ഥലങ്ങളില്‍ തള്ളുകയോ ചെയ്യുന്ന രീതി ഒഴിവാക്കി സീറോവേസ്റ്റ് ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിക്കാനുള്ള വിവിധ നിറങ്ങളിലുള്ള കളര്‍ കോഡ് ബിന്നുകളുടെ വിതരണോദ്ഘാടനം കോഴിക്കോട് നോര്‍ത്ത് മണ്ഡലം എം.എല്‍.എ അഡ്വ.കെ.ജയന്ത്, എ.വി.വിശ്വനാഥന്,ശ്രീജ.വി.ഇ എന്നിവര്‍ക്ക് ബിന്നുകള്‍ കൈമാറി നിര്‍വ്വഹിച്ചു. ബേങ്ക് ചെയര്മാന് വി.നിര്‍മ്മലന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജി എം സ്റ്റീഫന്‍ മുഖ്യാതിഥിയായി.
നിറവ് ഡയറക്ട്ടര്‍ ബാബു പറമ്പത്ത് ഹരിത ഭവന ആശയവും പാഴ് വസ്തു സംസ്ക്കരണ രീതികളും സംബന്ധിച്ച് പരിശീലന ക്ലാസ് നയിച്ചു. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കിഷോര്‍ കെ ജോസ്, ടി.സതീഷ്, ഉന്നത വിദ്യാഭ്യാസ അഭിയാന് കോ.ഓഡിനേറ്ററും പ്രൊവിഡന്‍സ് കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ജൂലി.ഇ, ബേങ്ക് വൈസ് ചെയര്മാന് അഡ്വ.ഒ.എം.ഭരദ്വാജ്, ബേങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍, കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ടൗണ്‍ ഏരിയ സെക്രട്ടറി എം.കെ.ബിജു ആശംസകള്‍ നേര്‍ന്നു.
സഹകരണ സ്ഥാപനങ്ങള്‍ സാമ്പത്തിക സേവനങ്ങളില്‍ മാത്രം ഒതുങ്ങാതെ സാമൂഹികവും, പരിസ്ഥിതിപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട മികച്ച മാതൃകയാണ് ‘കോ-ഓപ്പറേറ്റിവ് ഗ്രീന്‍ ഹോം’ പദ്ധതി. ഉറവിടത്തില്‍ നിന്നു തന്നെ വിഭവ സംരക്ഷണം പാഴ് വസ്തു സംസ്ക്കരണം, ജൈവകൃഷി, സംരംഭം എന്നിവ പ്രാവര്‍ത്തികമാക്കുന്ന ഈ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നല്കുന്ന മാതൃകപരമായ പ്രവര്‍ത്തനമാണ്.
സഹകരണ മേഖലയിലെ ഹരിത വിപ്ലവം;് ദി കാലിക്കറ്റ് ടൗണ്‍
സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബേങ്ക് തുടക്കംകുറിച്ചു
