എഫ് സി ആര്‍ എ; ആശങ്കകള്‍ പരിഹരിക്കണം

എഫ് സി ആര്‍ എ; ആശങ്കകള്‍ പരിഹരിക്കണം

              വിദേശ സംഭാവനകള്‍ വാങ്ങി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകള്‍ക്കാകെ ആശങ്കയുണര്‍ത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ് സി ആര്‍ എ) പുതിയ ചുവട്‌വെപ്പ്. എഫ് സി ആര്‍ എ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് മാസം മുന്‍പ്  ശ്രമിച്ചതായിരുന്നു. എന്നാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ നിന്ന് പിന്നോക്കം പോയ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഭേദഗതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമം മൂലം ഏതൊക്കെ സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് സഹായം ലഭിക്കുന്നുണ്ട് എന്ന പരിശോധന ആവശ്യമായി വരുമ്പോള്‍ തന്നെ സംഭാവന വാങ്ങുന്ന സംഘടനകളുടെ എല്ലാ കാര്യങ്ങളിലും ഇടപെടാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ഇതിനെയാണ് വിവിധ സംഘടനകള്‍ ചെറുക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും കേന്ദ്ര സര്‍ക്കാര്‍ കവരുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ  നീക്കമെന്നും ആരോപണമുണ്ട്. രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങള്‍ ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലടക്കം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗുണം നമ്മുടെ രാജ്യത്തിനുണ്ട്. അവര്‍ വിദേശ ഫണ്ട് വാങ്ങി രാജ്യ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നമിടേണ്ടത്. അല്ലാതെ അവര്‍ക്ക് യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കാതെ, അവരുടെ കാര്യങ്ങളില്‍ ഒളിഞ്ഞും, തെളിഞ്ഞും ഇടപെടാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ല.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനേ ഉതകൂ. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും സംഘടനയ്ക്ക് പൊതു ലക്ഷ്യം മുന്‍നിര്‍ത്തി സംഭാവന സ്വീകരിക്കാനാവില്ല. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന 105 തരം വിഭാഗങ്ങളില്‍ ഏതിനെയാണ് ഫോക്കസ് ചെയ്യുന്നതെന്ന് വിദേശ സഹായം സ്വീകരിക്കുമ്പോള്‍ വ്യക്തമാക്കണം. മത സംഘടനകള്‍ക്ക് മാത്രമല്ല രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-പൗര സംഘടനകള്‍ക്കെല്ലാം കേന്ദ്ര നീക്കം ഭീഷണിയാണ്. രാജ്യത്തെ മുഴുവന്‍ പ്രസ്ഥാനങ്ങളെയും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. രാജ്യത്തിന്റെ  ജനാധിപത്യ കെട്ടുറപ്പും, ഫെഡറലിസവും, ന്യൂനപക്ഷ സംരക്ഷണവും മറന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊണ്ട്, രാജ്യ സുരക്ഷ ഉറപ്പാക്കിയുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

എഫ് സി ആര്‍ എ; ആശങ്കകള്‍ പരിഹരിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *