തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനദാസ് (23)വധക്കേസില്‍ പ്രതി സന്ദീപിന്(44) ജീവപര്യന്തം ശിക്ഷ. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒരു ലക്ഷം രൂപ പിഴയും.പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കുടവട്ടൂര്‍ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.2023 മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌നാടിനെ നടുക്കിയ ആ സംഭവം നടന്നത്. ഒരു തര്‍ക്കത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂര്‍ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സന്ദീപിന് മാനസിക പ്രശ്‌നം ഉണ്ടെന്നായിരുന്നു കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദം. സ്‌കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാള്‍ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
