സാങ്കേതിക സർവകലാശാല: ബി.ടെക് പരീക്ഷയിൽ 60.1 ശതമാനം വിജയം

സാങ്കേതിക സർവകലാശാല: ബി.ടെക് പരീക്ഷയിൽ 60.1 ശതമാനം വിജയം

സാങ്കേതിക സർവകലാശാല: ബി.ടെക് പരീക്ഷയിൽ 60.1 ശതമാനം വിജയം

ബി എച് എം സി ടി, ബി ഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 വിജയശതമാനം

• സർവകലാശാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബി ടെക് വിജയശതമാനം ഈ വർഷം

• റെക്കോർഡ് വേഗതയിൽ ഫല പ്രഖ്യാപനം, അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലം ക്രോഡീകരിച്ചത് 13 ദിവസത്തിനകം. തുടർന്ന് ഏഴാം സെമസ്റ്റർ സപ്പ്ളിമെന്ററി പരീക്ഷകളുടെ ഫലവും ക്രോഡീകരിച്ച ശേഷം 26 ദിവസത്തിനകം 2026 ബാച്ചിന്റെ ഫലപ്രഖ്യാപനം.

• കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം വിജയശതമാനത്തിൽ മുന്നിൽ

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ 2026 അധ്യയന വർഷത്തെ ബി ടെക്, ബി ഡെസ്, ബി എച് എം സി ടി ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ബി.ടെക് പരീക്ഷയിൽ 60.1% വിജയശതമാനം നേടിയപ്പോൾ ബി എച് എം സി ടി, ബി ഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 വിജയശതമാനമാണ് ലഭിച്ചത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്.

2019-ൽ 36.5%, 2020-ൽ 46.5%, 2021-ൽ 51.86%, 2022-ൽ 50.47%, 2023-ൽ 55.6%, 2024 ൽ 53.03, 2025-ൽ 51 എന്നിങ്ങനെയായിരുന്നു B.Tech വിജയശതമാനം.

മെയ് 16 ന് അവസാനിച്ച അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലം 13 ദിവസത്തിനകം ക്രോഡീകരിച്ച ശേഷം തുടർന്ന് ഏഴാം സെമസ്റ്റർ സപ്പ്ളിമെന്ററി പരീക്ഷകളുടെ ഫലവും ക്രോഡീകരിച്ച ശേഷമാണ് 26 ദിവസത്തിനകം 2026 ബാച്ചിന്റെ ഫലപ്രഖ്യാപനം മന്ത്രി നിർവഹിച്ചത്.

127 എഞ്ചിനീയറിംഗ് കോളേജുകളിൽ 40 എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്‌. ഇതിൽ 18,515 വിദ്യാർത്ഥികൾ വിജയിച്ചു. പരീക്ഷയെഴുതിയ 11937 പെൺകുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1 %. 18,873 ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4%. 9 ന് മുകളിൽ CGPA ഉള്ള വിദ്യാർത്ഥികളുടെ എണ്ണം 1376 ആണ്. 8 നു മുകളിൽ CGPA ഉള്ളത് 6309 വിദ്യാർത്ഥികൾക്കുമാണ്.

ബി.ടെക് ഓണേഴ്‌സ്
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് ബി.ടെക് Honours നൽകുന്നത്. ഈ വർഷം 965 വിദ്യാർഥികളാണ് ബി.ടെക് ഓണേഴ്‌സ് ബിരുദത്തിന് അർഹരായത്.

ബി.ടെക് മൈനർ
സർവകലാശാല “മൈനർ ഇൻ എഞ്ചിനീയറിംഗ്” നടപ്പിലാക്കിയതിന് ശേഷമുള്ള നാലാമത്തെ ബി ടെക് ബാച്ചാണ് ഈ വർഷം പുറത്തിറങ്ങുന്നത്. ഈ വർഷം 2207 വിദ്യാർഥികൾ ബി.ടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്‌സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർത്ഥികളാണ്.

ഉയർന്ന വിജയശതമാനം നേടിയ കോളേജുകൾ
വിജയശതമാനത്തിൽ ഏറ്റവും മുൻപിലുള്ളത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം ആണ്. 86.2% ആണ് കോളേജിന്റെ വിജയശതമാനം. പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ (85.9%) രണ്ടാം സ്ഥാനവും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (85.8%) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം ബാർട്ടൺ ഹിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജും (85.1%) മോഡൽ എഞ്ചിനീയറിംഗ് കോളേജും (82.6%) ആണ്.
40 ശതമാനത്തിന് മുകളിൽ വിജയശതമാനം നേടിയത് 82 കോളേജുകളും, 50 ശതമാനത്തിന് മുകളിൽ വിജയശതമാനം നേടിയത് 62 കോളേജുകളുമാണ്.

പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും, കൃത്യസമയത്ത് ഫലം പ്രസിദ്ധീകരിക്കാൻ സഹകരിച്ച എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ക്യാമ്പ് ഓഫീസർമാരെയും സർവകലാശാലയിലെ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

ജൂൺ 15, 17, 19 ന് വിവിധ കോളേജുകളിൽ സംഘടിപ്പിക്കുന്ന കെ ടി യു ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് ‘സോർ 2026’ ന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. എഞ്ചിനീയറിംഗ് പഠനം ലക്ഷ്യമിടുന്ന പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതിന്റെ സാധ്യതകളെ അടുത്തറിയാൻ കെ ടി യു ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്താനും റോജി എം ജോൺ ആഹ്വാനം ചെയ്തു. കേരളത്തിലെ 30 എഞ്ചിനീയറിംഗ് കോളേജുകളിൽ ‘സോർ’ കോൺക്ലേവ് നടക്കും.
സർവകലാശാല ക്യാമ്പസ് നിർമ്മാണം വേഗത്തിലാക്കാനും സർവകലാശാല സ്‌കൂളുകളിലെ അഡ്മിഷൻ കൂട്ടാനുമുള്ള നടപടികൾ സർവകശാലയും സർക്കാരും ചേർന്ന് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

വൈസ് ചാൻസലർ ഡോ. സിസ തോമസ്, പരീക്ഷ കൺട്രോളർ (ഇൻ ചാർജ്) ഡോ. ലിബീഷ് ടി എം, രജിസ്ട്രാർ (ഇൻ ചാർജ്) ഗോപിൻ ജി, ഡീൻ (അക്കാദമിക്സ്) ഡോ. വിനു തോമസ്, ജോയിന്റ് ഡയറക്ടർ (അക്കാദമിക്സ്) ഡോ ബിജോയ് എബ്രഹാം, അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്) സുർജിത് എസ്, പരീക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർമാരായ ആനന്ദ്, സലിൽ റോഷ് എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *