തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകൃതിയെ ചേര്‍ത്ത് പിടിക്കണം,  ഹരിത ചട്ടം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകൃതിയെ ചേര്‍ത്ത് പിടിക്കണം,  ഹരിത ചട്ടം പാലിക്കണം

ടി ഷാഹുല്‍ ഹമീദ് 

           2025 ഡിസംബര്‍ 9,11 എന്നീ തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ്, ഹരിത ചട്ടം പ്രകാരമായിരിക്കണമെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  1199 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 23576 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  33746 പോളിംങ് സ്റ്റേഷന്‍ ഉളള തിരഞ്ഞെടുപ്പിന് മേല്‍ നോട്ടം വഹിക്കുന്നത് 1249 വരണാധികാരികളാണ്.  ഗ്രാമ പഞ്ചായത്തുകളില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 25000 രുപയും ബ്ലോക്ക് പഞ്ചായത്തില്‍ 75000/രൂപയും ജില്ലാ പഞ്ചായത്തുകളിലും, കോര്‍പറേഷനുകളിലും 150000 രുപയുമാണ് ചിലവഴിക്കുവാന്‍ സാധിക്കുകയുള്ളൂ.  തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണ്ണമായും ഹരിത ചട്ടം ഉറപ്പിക്കുവാന്‍ ജില്ലാ കലക്ടര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.  ഇതിനായി എല്ലാ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ ടീം ഹരിത ചട്ടം സെല്‍ രൂപീകരിക്കുന്നതാണ്.
   ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇലക്ഷന്‍ പ്രചാരണം , അലങ്കാരം , സ്ഥാനാര്‍ത്ഥി സ്വീകരണം എന്നീ പരിപാടികള്‍ക്കായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് .  ഇതിനായി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമ ലംഘനം ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനും വേണ്ടി സിംഗിള്‍ വാട്ട്‌സ് ആപ്പ് നമ്പര്‍ പ്രസിദ്ധപ്പെടുത്തണം. പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കള്‍ സൂക്ഷിക്കുവാന്‍ എം.സി.എഫ് (മെറ്റീരിയില്‍ കലക്ഷന്‍ ഫെസിലിറ്റി) സെന്ററില്‍ പ്രത്യേക സ്റ്റോറേജ് സംവിധാനം ഉണ്ടാക്കണം.
  ഇലക്ഷന്‍ പരിശീലന കേന്ദ്രങ്ങള്‍ , പോളിംങ് ബൂത്തുകള്‍ , വിതരണ കേന്ദ്രം ,കൗണ്ടിംങ് കേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഹരിത ചട്ടം പാലിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം തദ്ദേശ സ്ഥാപനങ്ങളില്‍ വിളിച്ച് ചേര്‍ക്കണം.
 മാലിന്യം കുറക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ടിയുളള പെരുമാറ്റ ചട്ടമാണ് ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) ഏക ഉപയോഗ വസ്തുക്കള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലേറ്റുകള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്സുുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക,സ്റ്റീല്‍ പാത്രങ്ങള്‍ വാഴയില ,തുണിസഞ്ചി എന്നിവ ഉപയോഗിക്കുക,മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുക ,അഴുകുന്ന മാലിന്യം (ജൈവം ) അഴുകാത്ത മാലിന്യം (അജൈവ മാലിന്യം) എന്നിവ ശാസ്ത്രീയമായി സംസ്‌ക്കരിക്കല്‍ എന്നിവ ഹരിത ചട്ടത്തിന്റെ ഭാഗമാണ്.  റാലികളും സമ്മേളനങ്ങളും നടന്ന് കഴിഞ്ഞാല്‍ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കല്‍ ഇവിടങ്ങളില്‍ ഉണ്ടാകുന്ന പാഴ് വസ്തുക്കള്‍ സമാഹരിച്ച് ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കി കൈയൊഴിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്.  ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥലങ്ങലിളും പാഴ് വസ്തുക്കള്‍ തരം തിരിച്ച് സംഭരിക്കുന്നതിനുളള ബിന്നുകള്‍ സൂക്ഷിക്കുകയും, പാഴ് വസ്തുക്കള്‍ യഥാ സമയം നീക്കം ചെയ്യുന്നതിന് ഹരിത കര്‍മ്മ സേനയുടെ സേവനം ഉറപ്പ് വരുത്തുകയും ചെയ്യണം.
  ഭക്ഷണത്തിനായി ഗ്രീന്‍ പാക്കിങ്ങ് ഉപയോഗിക്കണം. വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രമേ പോളിംങ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റ്മാര്‍ക്കും ഭക്ഷണം നല്‍കാവു.  ഇതിന് കുടുംബശ്രീയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
  വോട്ടെടുപ്പ് അവസാനിച്ചാല്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ അവരുടെ പ്രചാരണ സാമഗ്രികള്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കി കൈമാറേണ്ടതാണ്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, പ്ലാസ്റ്റിക് പേപ്പറുകള്‍, റിബ്ബണുകള്‍, നൂലുകള്‍ എന്നിവ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പില്‍ ഒഴിവാക്കണം.  പ്രചാരണ സാമഗ്രികള്‍ക്കായി പുനരുപയോഗിക്കാന്‍ കഴിയുന്നതും മണ്ണില്‍ അലിഞ്ഞ് ചേരുന്നത് പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. കോട്ടണ്‍ തുണി, പേപ്പര്‍ പോളി എത്തലീന്‍ , പ്രകൃതി ദത്തമായ ചായങ്ങള്‍ ഉപയോഗിച്ചുളള പ്രിന്റിംങ് എന്നിവ ഉപയോഗിക്കണം.
  ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സേവനം 710 രുപ പ്രതിദിനം നല്‍കി വിതരണം കേന്ദ്രം , സംഭരണ കേന്ദ്രങ്ങള്‍, പോളിംങ് ബൂത്ത്, കൗണ്ടിംങ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കണം.
 രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ , ബാനറുകള്‍ , ഹോര്‍ഡിംങുകള്‍ പോസ്റ്ററുകള്‍ എന്നിവയില്‍ പി.വി.സി , ഫ്‌ളക്‌സ് , പോളിസ്റ്റര്‍ , നൈലോണ്‍ , കൊറിയന്‍ ക്ലോത്ത് , പ്ലാസ്റ്റിക് കോട്ടിംങ് ഉളള തുണി , പോളിസ്റ്റര്‍ കൊണ്ടുളള തുണി തുടങ്ങിയ പ്ലാസ്റ്റിക്കിന്റെ അംശമുളള പ്ലാസ്റ്റിക് കോട്ടിംങ് ഉളള പുന ചക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളും ഒഴിവാക്കേണ്ടതാണ്.  100 % കോട്ടണ്‍ പോളി എത്തിലിന്‍ , പുന ചക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍  എന്നിവ ഇലക്ഷന്‍ പ്രചരണത്തിന് ഉപയോഗിക്കണം. 2025 ലെ  തദ്ദേശ തിരെഞ്ഞെടുപ്പ്  പരിസ്ഥിതി സൗഹാര്‍ദ്ദമാക്കി, പ്രകൃതിക്ക് കോട്ടം സൃഷ്ട്ടിക്കാതെ നടത്തുവാന്‍ നമുക്ക് എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍,
 എല്‍.എസ്.ജി.ഡി
 കോഴിക്കോട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകൃതിയെ ചേര്‍ത്ത് പിടിക്കണം,

ഹരിത ചട്ടം പാലിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *