ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമായതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഡല്‍ഹിയിലും നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകള്‍. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സിപിഐക്ക് ഉള്ള എതിര്‍പ്പ് ഡി രാജ സിപിഎം ദേശീയ നേതൃത്വത്തെ ധരിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്ച.
ധാരണാ പത്രത്തില്‍ നിന്നും പിന്‍മാറണം എന്ന സിപിഐ നിലപാട് സിപിഎം ജനറല്‍ സെക്രട്ടറിയെ അറിയിച്ചെന്ന് ഡി രാജ വ്യക്തമാക്കി. എന്നാല്‍ ഭിന്നത കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന നിലപാടാണ് എം എ ബേബി സ്വീകരിച്ചത്. ഫണ്ട് നിഷേധിച്ചത് മറികടക്കാനാണ് പദ്ധതിയുമായി സഹകരിച്ചത്. ഇതുമൂലം വര്‍ഗീയ വല്‍ക്കരണം ഉണ്ടാകില്ല. വിഷയം കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നും എം എ ബേബി ഡി രാജയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഉച്ചയ്ക്ക് 1.50ഓടെയാണ് ഡി. രാജ എകെജി സെന്ററിലെത്തിയത്. മുന്നണി മര്യാദകള്‍ പാലിക്കാതെയും സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചും സിപിഎം വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിലുള്ള അതൃപ്തിയും ഡി രാജ അറിയിച്ചു.
