കോഴിക്കോട് : ചരിത്രത്തില്‍ സത്യത്തിന്റെ നഗരമായി തിളങ്ങിനില്‍ക്കുന്ന കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിച്ചതിന് കാരണം നമ്മുടെ മഹത്തായ സാഹിത്യ പാരമ്പര്യമാണെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ പീപ്പിള്‍സ് റിവ്യു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാല സാഹിത്യചര്‍ച്ചകളും സാഹിത്യകാരന്മാരുടെ ഒത്തൊരുമയും വീണ്ടെതുത്ത് സാഹിത്യ നഗരപദവിയെന്ന സൗഭാഗ്യം നിലനിര്‍ത്താന്‍ നമുക്കാവണം. സാഹിത്യം മനുഷ്യനെ ഒന്നിപ്പിക്കുന്ന ഒന്നാണ്. മതങ്ങളെ പോലെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപോലെയോ വേര്‍തിരിവുകളില്ല. സാഹിത്യം മാനവികതയുടെ ഉണര്‍ത്തുപാട്ടാണ്. രാജ്യം കണ്ട മഹാപ്രതിഭയായ എം എസ് സുബ്ബലക്ഷ്മിയുടെ സംഗീതം ശ്രവിച്ച് നെഹ്‌റു അവരെ അഭിനന്ദിച്ച് പറഞ്ഞത് താന്‍ വെറുമൊരു പ്രധാനമന്ത്രിയാണെന്നാണ്. ഇന്ന് രാഷ്ട്രീയക്കാര്‍ക്ക് മുമ്പില്‍ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഓച്ഛാനിച്ച് നില്‍ക്കുകയാണ്. കലാമണ്ഡലം സന്ദര്‍ശിക്കാനെത്തിയ നെഹ്‌റുവിന് ഇരിക്കാന്‍ സംഘാടകര്‍ ഒരുക്കിയ ഇരിപ്പിടത്തില്‍ വള്ളത്തോള്‍ ഇരിക്കുകയും തുടര്‍ന്ന് സംഘാടകര്‍ മറ്റൊരുകസേര സംഘടിപ്പിച്ച നെഹ്‌റുവിന് ഇരിപ്പിടമൊരുക്കിയതും ചരിത്രമാണ്. ഏത് പ്രധാന മന്ത്രിമാരുടെ മുമ്പിലും ഇരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന അഭിമാനബോധം സാഹിത്യകാരനുണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവാഗതരായ എഴുത്തുകാരെ പുസ്തക പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ പല പബ്ലിഷര്‍മാരും ചൂഷണം ചെയ്യുന്നുവെന്നും സഹകരണസംഘ ങ്ങള്‍ മാതൃകയില്‍ സംരംഭമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യു മുഖ്യഉപദേഷ്ടാവും പ്രശസ്ത കവിയുമായ പി പി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ എഫ് ജോര്‍ജ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത എന്നിവര്‍ സംസാരിച്ചു. പിപ്പിള്‍സ് റിവ്യു മുഖ്യ പത്രാധിപര്‍ പി ടി നിസാര്‍ സ്വാഗതം പറഞ്ഞു. സാഹിത്യനഗരത്തിന്റെ ഉന്നതിക്കായി പീപ്പിള്‍സ് റിവ്യു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് പി ടി നിസാര്‍ പറഞ്ഞു. എം കെ ബീരാന്‍, രാജന്‍ തേങ്ങാപറമ്പത്ത് എന്നിവര്‍ സംബന്ധിച്ചു. ആര്‍ കെ ഇരവില്‍ നന്ദി പറഞ്ഞു.
