മാധ്യമ കുലപതിക്ക് സാദര പ്രണാമം

മാധ്യമ കുലപതിക്ക് സാദര പ്രണാമം

       രാജ്യത്തെ തലമുതിര്‍ന്ന മാധ്യമ കുലപതിയായ ടി ജെ എസ് ജോര്‍ജ് വിടവാങ്ങിയിരിക്കുന്നു. ആ മഹാമനീഷിയ്ക്ക് സാദര പ്രണാമം. മാധ്യമ പ്രവര്‍ത്തനം ജീവിതവൃതമാക്കിയ മഹാനായ മാധ്യമ പ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഒരു യുഗത്തിന്റെ അന്ത്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതവും, സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതവും നേരിട്ട് അനുഭവിച്ചറിഞ്ഞ്, അത് മാധ്യമ പ്രവര്‍ത്തനത്തിലൂടെ പ്രകാശിതമാക്കിയ കര്‍മ്മയോഗിയായിരുന്നു ടി ജെ എസ് ജോര്‍ജ്. നിലപാടുയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തന്റെ 94-ാം വയസ് വരെ അദ്ദേഹം കോളമെഴുത്ത് തുടര്‍ന്നിരുന്നു. ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചാണ് അദ്ദേഹം കടന്നു പോകുന്നത്. നിര്‍ഭയ പത്ര പ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലധിക കാലം ഇന്ത്യയിലും, വിദേശത്തുമായി അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്തു. പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് നേരെ ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. അധികാരികളോട് കീഴ്‌പ്പെടാതെ മാധ്യമ പ്രവര്‍ത്തനം നിര്‍ഭയമായി നടത്താമെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയേണ്ടി വന്ന ആദ്യ പത്രാധിപരും അദ്ദേഹമാണ്. രാജ്യത്തിന്റെ ബഹുസ്വരതയില്‍ അഭിമാനംകൊണ്ട അദ്ദേഹം ഈ ബഹുസ്വരത ഭരണാധികാരികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സങ്കല്‍പ്പത്തിനതീതമാണെന്നും, ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്നും കുറിച്ചു.  മാധ്യമ പ്രവര്‍ത്തനം ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണെന്നും അത് യന്ത്രവല്‍കൃത ജോലിയല്ലെന്നും മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ‘ഘോഷയാത്ര’ എന്ന കൃതി യുവ മാധ്യമ പ്രവര്‍ത്തകര്‍ക്കൊരു പാഠ പുസ്തകം തന്നെയാണ്. രാജ്യത്തിന്റെ പൈതൃകം മുറുകെപിടിച്ച്, നഷ്ടപ്പെട്ടുപോയ മൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ ഉദ്‌ഘോഷിച്ച മാധ്യമ കുലപതിയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മാധ്യമ ലോകത്ത് മാധ്യമ പ്രവര്‍ത്തനം ജീവിതമാക്കിയ ഇതുപോലൊരു മാധ്യമ പ്രവര്‍ത്തകന്‍ വരുമോ എന്നത് കാലം പറയേണ്ട ഉത്തരമാണ്. നമ്മളെല്ലാം കാണുകയും അറിയുകയും വായിക്കുകയും ചെയ്ത മാധ്യ കുലപതിയാണ് ടി ജെ എസ് ജോര്‍ജ്. അദ്ദേഹത്തിന്റെ  വിയോഗം ഇന്ത്യക്ക് അപരിഹാര്യമായ നഷ്ടമാണ്. മാധ്യമ ലോകത്തിന് മാത്രമല്ല ഇന്ത്യക്ക് വഴിവിളക്കായി അദ്ദേഹത്തിന്റെ സ്മരണകള്‍ എക്കാലവും നിലനില്‍ക്കും. സമാനതകളില്ലാത്ത മാധ്യമ കുലപതി…അങ്ങേക്ക് വിട…ഒരിക്കല്‍ കൂടി പ്രണാമം…

പി.ടി.നിസാര്‍

മാധ്യമ കുലപതിക്ക് സാദര പ്രണാമം

Share

Leave a Reply

Your email address will not be published. Required fields are marked *