പുസ്തക പരിചയം
പി.ടി.നിസാര്‍
ആഗസ്ത് മാസത്തിന്റെ രണ്ടാം പകുതിയില്‍ വായനക്കായി എന്റെ മുന്നില്‍ എത്തിയ ഗ്രന്ഥം സി.പി ആലിക്കോയ രചിച്ച ‘മുഹമ്മദ് റഫി സംഗീത ലോകത്തെ നാദ വിസ്മയം’ ആണ്. മുഹമ്മദ് റഫിയുടെ സംഗീത ജീവിതത്തെ പുതിയ ഒരു കാഴ്ചപ്പാടില്‍ നോക്കി കാണുന്നു എന്ന പ്രത്യേകത ഈ പുസ്തകത്തെ തികച്ചും വ്യത്യസ്ഥമാക്കുന്നു. റഫി സാഹബിന്റെ ആലാപന ശൈലിയുടെ മികവിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തുന്ന നിരീക്ഷണങ്ങളും പഠനങ്ങളും ആ തേജസ്സുറ്റ വ്യക്തിത്വത്തെ എങ്ങിനെ പ്രഭാപൂരിതമാക്കുന്നു എന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ ആദ്യകാല നാള്‍ വഴിയിലൂടെ സഞ്ചരിച്ച് കൊണ്ടും ആ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ ഗാനങ്ങളെ അപഗ്രഥിച്ച്‌കൊണ്ടുമാണ്. റഫി മറ്റു ഗായകരില്‍ നിന്നും എങ്ങിനെ വ്യത്യസ്ഥനാകുന്നു എന്ന് ഈ ഗ്രന്ഥം വിശകലനം ചെയ്യുന്ന രീതി വസ്തുനിഷ്ഠമാംവണ്ണം ആധികാരികത അവകാശപ്പെടുന്ന വിധത്തിലാണ്.
ആദ്യകാല സംഗീത സംവിധായകരേയും ഗാനരചയിതാക്കളേയും കുറിച്ചുള്ള അദ്ധ്യായങ്ങള്‍ അവരുടെ സംഭാവനകള്‍ റഫി സാഹിബിന്റെ ജീവിതം എങ്ങിനെ സ്വാധീനിക്കപ്പെട്ടു എന്ന ഗ്രന്ഥകര്‍ത്താവിന്റെ അപഗ്രഥനം തെളിമയോടെ ഈ പുസ്തകത്താളുകളില്‍ നിന്നും വായിച്ചെടുക്കാനാകും. നൗഷാദ്, മദന്‍ മോഹന്‍, ഒ.പി.നയ്യാര്‍, ശങ്കര്‍ ജയ്കിഷന്‍, എസ്.ഡി.ബര്‍മ്മന്‍, ഖയ്യാം, രോഷന്‍, ചിത്രഗുപ്ത തുടങ്ങിയ പ്രതിഭാശാലികള്‍ റഫി സാഹിബിന്റെ ആലാപനത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി സമ്പന്നമായ ഒരു യുഗപ്പിറവിക്ക് കാരണക്കാരായി എന്ന വസ്തുത ഈ പുസ്തകം പറഞ്ഞുവെക്കുന്നു.
റഫി സാഹബിന്റെ വോയ്‌സ് കള്‍ച്ചറിനെ സംബന്ധിച്ച വിശകലനവും റഫി ഗാനങ്ങളുടെ ഉള്ളറിഞ്ഞുള്ള അപഗ്രഥനങ്ങളും പുസ്തകത്തില്‍ പലേടത്തായി കാണാം.
റഫി സാഹബിന്റെ സംഗീത ജീവിതത്തിന്റെ വിവിധ തലങ്ങളിലേക്ക് നിരീക്ഷണ പാടവത്തോടെ കടന്നു ചെല്ലുന്നു ഈ പുസ്തകം
ലിപി പബ്ലിക്കേഷന്‍സ് കെട്ടിലും മട്ടിലും ഇതിനെ ആകര്‍ഷണീയമാക്കിയിരിക്കുന്നു. ഉള്ളടക്കത്തിന് ചാരുത ലഭിക്കുന്ന വണ്ണം ധാരാളം റഫി ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സംഗീതം ഒരു തപസ്യയാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച റഫി സാഹിബിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമാണ് ഇത്തരം സംരംഭങ്ങളെന്ന് നിസ്സംശയം പറയാം.
