മലപ്പുറം: ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തിന്റെ ചിറകരിയാനും കൂട്ടിലടക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടന്ന വിവരാവകാശ സെമിനാറും കോറോ എന്ന ആര്‍ ടി ഐ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക അജണ്ടകള്‍ സംരക്ഷിക്കാനുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ എത്ര കൂടുതല്‍ ജനാധിപത്യ സര്‍ക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരില്‍ നിന്ന് അകലം പാലിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഈ നിയമത്തില്‍ വിവരം പുറത്ത് നല്‍കേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകള്‍ക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ആകെ 31 വകുപ്പുകളുള്ള ആര്‍ ടി ഐ ആക്ടില്‍ എട്ടാം വകുപ്പില്‍ പറയുന്ന പത്തിനങ്ങളാണ് നല്‍കേണ്ടതില്ലാത്തത്. ആ നിര്‍ദ്ദേശങ്ങള്‍ വളരെ ആവേശത്തോടെ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും ആ ഖണ്ഡികയുടെ വ്യാപ്തി വലുതാക്കാന്‍ ചട്ടം നിര്‍മ്മിക്കാന്‍ അനുമതിയുള്ള അധികാരികളും നിരന്തരം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ വിവരം നല്‍കാന്‍ പറയുന്ന മറ്റ് വകുപ്പുകളുടെ ഉത്തമ താത്പര്യം ഇവരില്‍ ഏറെപ്പേരും സൗകര്യ പൂര്‍വ്വം മറക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുകയാണ്. മാത്രമല്ല അത്തരം വകുപ്പുകളെ ദുര്‍ബലപ്പെടുത്താനും അസ്ഥിരപ്പെടുത്താന്‍പോലും പലപ്പോഴും ശ്രമങ്ങള്‍ നടക്കുകയാണ്.
അപേക്ഷ നല്‍കിയാല്‍ വിവരം ലഭിക്കുമെന്നും ഇല്ലെങ്കില്‍ ചോദിക്കാന്‍ ആളുണ്ടെന്നും വന്നതോടെ ജനങ്ങള്‍ കൂടുതലായി ഈ നിയമത്തെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. നിസാമുദ്ദീന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി തഹസില്‍ദാര്‍ സാദിഖ്, വിവരാവകാശ ഓര്‍ഗനൈസേഷന്‍ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.നാരായണന്‍, കെ.ടി അബ്ദുല്‍ മനാഫ്, ട്രഷറര്‍ ജോളി ജോസഫ്, സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ പി.കെ അബ്ദുല്‍ റഹീം, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി മാനേജ്‌മെന്റ് ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സിഇഒ ഡോ. കെ.അസീസ്, ലഹരി നിര്‍മ്മാജന സമിതി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഇ.കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തെ
കൂട്ടിലടക്കാന്‍ ശ്രമിക്കുന്നു; ഡോ. എ. അബ്ദുല്‍ ഹക്കീം
