ഷഹബാസ് വധക്കേസ്: പ്രതിഷേധങ്ങള്‍ക്കിടയിലും പരീക്ഷയെഴുതി പ്രതികള്‍
കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കിടയിലും താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. കോഴിക്കോട് വെള്ളിമാട്കുന്ന് ജുവൈനല്‍ ഹോമിലാണ് പരീക്ഷ എഴുതാനായി പ്രത്യേക സൗകര്യം ഒരുക്കിയത്. പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇവരെ പാര്‍പ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവൈനല്‍ ഹോമിലേക്ക് കെഎസ്‌യുവാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എംഎസ്എഫ് പ്രവര്‍ത്തകരുമെത്തി.
ഇടവേളകളില്‍ ഒന്നിന് പിറകെ ഒന്നായി യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്,കെഎസ്‌യു പ്രവര്‍ത്തകര്‍ പലതവണ പ്രതിഷേധിച്ചു. ചിലര്‍ മതില്‍ ചാടി കടന്ന് ജുവൈനല്‍ ഹോമിന് അകത്ത് കയറി. പ്രതിഷേധക്കാരെ മുഴുവന്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇവരെ സ്‌കൂളില്‍ എത്തിച്ച് പരീക്ഷ എഴുതിക്കുന്നതില്‍ സുരക്ഷാ പ്രശ്നമടക്കം വിലയിരുത്തിയാണ് വെള്ളിമാട് കുന്നിലെ ഒബ്‌സെര്‍വേഷന്‍ ഹോമില്‍ തന്നെ പരീക്ഷക്കായി പ്രത്യേക സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത്. പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു.
അതിനിടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഷഹബസിന്റെ കുടുബത്തെ സന്ദര്‍ശിച്ചു.ഡിഡിഇ മനോജ് കുമാര്‍, എഇഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിയത്. പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലുള്ള എതിര്‍പ്പ് ഇക്ബാല്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ വിദ്യാര്‍ഥി, യുവജന സംഘടനകളുടെ നിലപാട്. എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.
