ഇന്ത്യയില്‍ ആദ്യ ഷോറൂം തുറക്കാന്‍ ടെസ്‌ല ; നിയമന പ്രക്രിയ തുടങ്ങി

ഇന്ത്യയില്‍ ആദ്യ ഷോറൂം തുറക്കാന്‍ ടെസ്‌ല ; നിയമന പ്രക്രിയ തുടങ്ങി

ഇന്ത്യയില്‍ ആദ്യ ഷോറൂം തുറക്കാന്‍ ടെസ്‌ല ; നിയമന പ്രക്രിയ തുടങ്ങി

മുംബൈ: ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആദ്യ ഷോറൂം മുംബൈയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഷോറൂം വരിക. ഇവിടത്തെ വാണിജ്യ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 4000 ചതുരശ്ര അടി വാടകക്ക് എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

35 ലക്ഷം രൂപയാണ് ഇതിന്റെ പ്രതിമാസ വാടക. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. മുംബൈയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിലൊന്ന് കൂടിയാണിത്. മുംബൈക്ക് ശേഷം ഡല്‍ഹിയിലെ എയറോ സിറ്റിയിലാകും ടെസ്‌ല രണ്ടാമത്തെ ഷോറൂം ആരംഭിക്കുക.

ടെസ്ല ഇന്ത്യയില്‍ നിയമന പ്രക്രിയ തുടങ്ങിയിട്ടുണ്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്. ‘ലിങ്ക്ഡ്ഇനി’ല്‍ വന്ന ജോബ് പോസ്റ്റില്‍ ടെസ്ല മുംബൈയിലും ഡല്‍ഹിയിലുമായി 13 തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ തേടുന്നത്. സര്‍വീസ് ടെക്‌നീഷ്യന്‍സ്, കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് മാനേജേഴ്‌സ്, ഡെലിവറി ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ്‌സ്തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനം.

ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിരുന്നു. എന്നാല്‍, ഉയര്‍ന്ന ഇറക്കുമതി തീരുവ വിലങ്ങുതടിയായി. അതേസമയം, 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍നിന്ന് 70 ശതമാനമായിയി കുറച്ചതുള്‍പ്പെടെയുള്ള സമീപകാല സര്‍ക്കാര്‍ നയ മാറ്റങ്ങള്‍ ടെസ്‌ലയെ മാറിച്ചിന്തിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം 11 ദശലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും ചെറുതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം ഒരു ലക്ഷം ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ടെസ്ല ഇന്ത്യയില്‍ വലിയൊരു ഭാവി കാണുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *