കോഴിക്കോട് മെഡി.കോളജില്‍ ചികിത്സകിട്ടാതെ യുവതി മരിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് മരിച്ചത്. നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
നവംബര്‍ നാലിന് വൈകീട്ടോടെ കാഷ്വാലിറ്റിയില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. മൂന്ന് ദിവസം കാഷ്വാലിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ വേദനകൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ രജനിയെ പരിശോധിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
ഇതിനിടെ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയും ഏഴാം തിയ്യതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഇവിടെവച്ച് ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.