റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട്ട്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട്ട്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട്ട്

 

കോഴിക്കോട്: സത്യസന്ധതയുടെയും ആതിഥ്യമര്യാദയുടെയും മാതൃക നഗരമായ കോഴിക്കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. യുനെസ്‌കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച ശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന കൗമാര കലോത്സവം
നവംബര്‍ 19 മുതല്‍ 23 വരെ നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. നവംബര്‍ 19ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്,എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ പതാക ഉയര്‍ത്തും. ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്‌കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും.
മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാനം നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാവും. മേയര്‍ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, പി.ടി ഉഷ തുടങ്ങിയവര്‍ പങ്കെടുക്കും.
319 ഇനങ്ങളിലായി 8000 ത്തോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയില്‍ അരങ്ങേറും. കോഴിക്കോട്ടുകാരായ മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രധാന വേദിയുടെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം കഴിഞ്ഞ ദിവസം നടന്നു. പന്തലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കലോത്സവ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേളയില്‍ പങ്കെടുന്നവര്‍ക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഗവണ്‍മെന്റ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മീഡിയ റൂം, മീഡിയ പവലിയന്‍, വേദികളില്‍ നിന്നും തല്‍സമയ സംപ്രേഷണം ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനങ്ങള്‍ സജീകരിക്കുന്നുണ്ട്.
മീഡിയ സെന്റര്‍ ഉദ്ഘാടനം 18ന് 3 മണിക്ക് പോള്‍ കല്ലാനോട് നിര്‍വഹിക്കും. 23 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. ഗിരീഷ് കുമാര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി മുഹമ്മദ്, കണ്‍വീനര്‍ പി.കെ അബ്ദുല്‍ സത്താര്‍, ഡി.ഡി.ഇ ഓഫിസ് സൂപ്രണ്ട് കെ. എന്‍ ദീപ, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. സുധിന, മീഡിയ കമ്മിറ്റി ജോ. കണ്‍വീനര്‍മാരായ പി എം മുഹമ്മദലി, എം.എ സാജിദ്, എന്‍.പി.എ കബീര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *