ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പി.ടി ഉഷയെ നീക്കാന്‍ ശ്രമം. ഉഷയ്‌ക്കെതിരേ 25-ന് ചേരുന്ന ഐ.ഒ.എ യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഐ.ഒ.എ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും.
രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ചതിലും അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട്.
പി.ടി ഉഷയും ട്രഷറര്‍ സഹ്‌ദേവ് യാദവും തമ്മില്‍ കുറച്ചുനാളുകളായി ഭിന്നതയുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) ഒപ്പുവെച്ച സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ക്രമക്കേടുണ്ടെന്ന ട്രഷറര്‍ യാദവിന്റെ ആരോപണം. എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ അറിവോടെയല്ല ധാരണയുണ്ടാക്കിയത്. കൂടാതെ രണ്ട് വിന്റര്‍ ഒളിമ്പിക്സും (2026, 30) യൂത്ത് ഒളിമ്പിക്സും (2026, 30) പിന്നീട് കരാറില്‍ ഉള്‍പ്പെടുത്തിയതായി സി.എ.ജി. റിപ്പോര്‍ട്ടിലുണ്ടെന്നും ഐ.ഒ.എ. ട്രഷറര്‍ പറയുന്നു.
എന്നാല്‍, എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കായി കരാര്‍വ്യവസ്ഥകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും നിയമോപദേശത്തിനു ശേഷമാണ് കരാര്‍ ഭേദഗതി ചെയ്തതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. ഉഷ ഏക പക്ഷീയമായി പെരുമാറുന്നുവെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷക്കെതിരെ പറയുന്നത്. 15 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ 12 പേരും ഉഷക്കെതിരാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിത പ്രസിഡന്റാണ് പി.ടി ഉഷ.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പി.ടി.ഉഷയെ നീക്കാന്‍ ശ്രമം
