രത്തന്‍ ടാറ്റയെന്ന വ്യവസായ ഇതിഹാസത്തിന് വിട

രത്തന്‍ ടാറ്റയെന്ന വ്യവസായ ഇതിഹാസത്തിന് വിട

എഡിറ്റോറിയല്‍

 

ഇന്ത്യന്‍ വ്യവസായ ചരിത്രത്തിലെ മുടിചൂടാമന്നനായ വ്യവസായ ഇതിഹാസം രത്തന്‍ ടാറ്റ വിടപറഞ്ഞിരിക്കുന്നു. ആ ഉജ്ജ്വല വ്യക്തിത്വത്തിന് ആദരാജ്ഞലികള്‍. നേവല്‍ എച്ച്.ടാറ്റയുടെയും സുനുവിന്റെയും മകനായി 1937 ഡിംസബര്‍ 28നാണ് രത്തന്‍ ടാറ്റ ജനിക്കുന്നത്. തന്റെ കര്‍മ്മ മേഖലയായ ആര്‍ക്കിടെക്ടില്‍ നിന്ന് 1962ലാണ് ടാറ്റ സ്റ്റീലില്‍ ട്രെയിനിയായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. 1981ലാണ് ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായത്. 1991ലാണ് ടാറ്റയുടെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട്‌കൊണ്ട് ടാറ്റയെ ലോകം മുഴുവന്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. 10,000 കോടി ഡോളര്‍ (ഏകദേശം 6.6 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള കമ്പനിയായി ടാറ്റയെ അദ്ദേഹം വളര്‍ത്തിയെടുത്തു. ടാറ്റയെ ആഗോള ബ്രാന്‍ഡാക്കി മാറ്റി.
നിരവധി ജനക്ഷേമ ഉല്‍പ്പന്നങ്ങള്‍ അദ്ദേഹം പുറത്തിറക്കി. അതില്‍ സുപ്രധാനമായ ഒന്നായിരുന്നു നാനോ കാറുകള്‍. സാധാരണക്കാര്‍ക്കും ചുരുങ്ങിയ വിലയില്‍ ഒരു കാറെന്ന സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. അതുപോലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ വാട്ടര്‍ പ്യൂരിഫയറും പുറത്തിറക്കി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റയോളം പ്രാധാന്യം നല്‍കിയ വ്യവസായ ഗ്രൂപ്പ് ഇല്ലെന്ന് തന്നെ പറയാം. രത്തന്‍ ടാറ്റയുടെ 66% ഓഹരികളുടെ നിക്ഷേപവും ചാരിറ്റി ട്രസ്റ്റുകളിലാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ രാജ്യത്തിന്റെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യവസായ ഗ്രൂപ്പാണ് ടാറ്റ. ടാറ്റ കൈവെയ്ക്കാത്ത മേഖലയില്ല. ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. ടാറ്റയുടെ ഒരു ഉല്‍പ്പന്നമെങ്കിലും നിത്യേന ഉപയോഗിക്കാത്ത ഇന്ത്യക്കാരുണ്ടാവില്ല. ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റി തന്നെയാണ് രാജ്യാന്തര തലത്തില്‍ തിളങ്ങാന്‍ ടാറ്റയെ പര്യാപ്തമാക്കിയത്.
ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ ടാറ്റ ഇന്‍ഡിക്ക കാര്‍ പുറത്തിറങ്ങിയതും ശ്രദ്ധേയമായിരുന്നു. വിദേശ രാജ്യങ്ങളിലെ കമ്പനികളെ ഏറ്റെടുത്തും ടാറ്റ ചരിത്രം സൃഷ്ടിച്ചു. ബ്രിട്ടണിലെ ടെറ്റ്‌ലി ടീയെ 2000ത്തില്‍ ഏറ്റെടുത്തു. ബിഎസ്എന്‍എല്‍ ഏറ്റെടുത്തതിലൂടെ ടാറ്റ കമ്മ്യൂണിക്കേഷന്‍സിനെ ആഗോളമാക്കി. ദക്ഷിണ കൊറിയയിലെ ദെയ്‌വു മോട്ടേഴ്‌സ് ഏറ്റെടുക്കുകയും ലാന്‍ഡ്‌റോവറിനെയും ജാഗ്വറിനെയും രാജ്യത്തേക്ക് എത്തിച്ചതും ടാറ്റ തന്നെ. വ്യവസായ ചക്രവാളത്തില്‍ സൂര്യ തേജസ്സായി ജ്വലിച്ചു നിന്നപ്പോഴും എല്ലാ വിഭാഗം ജനങ്ങളെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു.
രാജ്യം 2000ല്‍ പത്മഭൂഷണും, 2008ല്‍ പത്മ വിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2012ല്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞെങ്കിലും 2016ല്‍ വീണ്ടും ചെയര്‍മാനായി തിരിച്ചെത്തി. 2017ല്‍ പദവി ഒഴിഞ്ഞെങ്കിലും ടാറ്റയുടെ എമരിറ്റ്‌സ് ചെയര്‍മാനായി തുടരുകയായിരുന്നു. രത്തന്‍ ടാറ്റയുടെ നഷ്ടം രാജ്യത്തിനും  വ്യവസായ ലോകത്തിനും തീരാ നഷ്ടമാണ്.സ്വന്തം ജീവിതം കൊണ്ട് കോടിക്കണക്കായ മനുഷ്യര്‍ക്കും, രാജ്യങ്ങള്‍ക്കും അഭിവൃദ്ധി പകര്‍ന്നു തന്ന ഒരു കര്‍മ്മയോഗിയാണ് വിടപറയുന്നത്. മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യ സേവന പാഠത്തിന്റെ അര്‍ത്ഥ തലങ്ങള്‍ മാനവരാശിക്ക് പകര്‍ന്ന് നല്‍കിയ പുണ്യാത്മാവിന് പ്രണാമം.

രത്തന്‍ ടാറ്റയെന്ന വ്യവസായ ഇതിഹാസത്തിന് വിട

Share

Leave a Reply

Your email address will not be published. Required fields are marked *