കോർപ്പറേഷൻ മാലിന്യ സംസ്‌കാരണ കേന്ദ്രത്തിലെ തീപിടിത്തം അന്വേഷിക്കണം

           കോർപ്പറേഷന്റെ കീഴിലുള്ള ഭട്ട് റോഡിലെ അജൈവ മാലിന്യ പ്ലാന്റിൽ ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തം അന്വേഷിക്കാൻ അധികാരികൾ തയ്യാറാവണം. അജൈവ മാലിന്യമായതിനാൽ വാതകം രൂപപ്പെട്ട് മാലിന്യത്തിന് തീ പിടിക്കാനുള്ള സാഹചര്യമില്ല. പിന്നെങ്ങനെയാണ് തീപിടിത്തമുണ്ടായത്. ഇതാണ് പരിശോധിച്ച് കണ്ടെത്തേണ്ടത്. ഇതിന് പിന്നിൽ വല്ല ബാഹ്യ ഇടപെടലുകളുമുണ്ടായിട്ടുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തേണ്ടത് നാടിനാവശ്യമാണ്. ഈ സംസ്‌കരണ പ്ലാന്റിനോട് ചേർന്ന് ഒട്ടനവധി ചെറുകിട വ്യവസായ യൂണിറ്റുകളും മറ്റും പ്രവർത്തിക്കുന്നുണ്ട്.
തീപിടിത്തം നിയന്ത്രണവിധേയമായില്ലായിരുന്നെങ്കിൽ വൻ ദുരന്തമായി പരിണമിച്ചേനെ. തീയണക്കുന്നതിൽ അഗ്നി ശമന സേനയും, 122 ഇൻഫെന്ററി ബറ്റാലിയൻ ടി.എ.മദ്രാസ് റെജിമെന്റിലെ സൈനിക ഉദ്യോഗസ്ഥരും നല്ല ഇടപെടൽ നടത്തുകയും തീയണക്കാനും സാധിച്ചു. പ്ലാന്റിലെ 60 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യമാണ് തീപിടിത്തത്തിൽ കത്തിക്കരിഞ്ഞത്. ഇത് മൂലം അവിടെയാകെ വിഷപ്പുകയും നിറഞ്ഞു. ഇതെല്ലാം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും.
ബീച്ചിലെ ഫയർ സ്റ്റേഷൻ നഗരത്തിൽ നിന്ന് മാറിയപ്പോൾ അധികാരികൾ കാണിച്ച നിസംഗത, ഇപ്പോഴുണ്ടായ തീ പിടിത്തത്തിൽ ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമാകുന്നതിന് തടസ്സമായി. തീയണയ്ക്കാൻ ബീച്ച് ഫയർ സ്റ്റേഷനിലെ ഒരു യൂണിറ്റാണ് ആദ്യമെത്തിയത്. പിന്നീടാണ് നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, വെള്ളിമാട്കുന്ന്, മീഞ്ചന്ത, മുക്കം എന്നിവിടങ്ങളിൽ നിന്ന് യൂണിറ്റുകൾ എത്തി തീയണക്കാൻ തുടങ്ങിയത്. ബീച്ചിലെ ഫയര്‍‌സ്റ്റേഷനിൽ ആറ് യൂണിറ്റാണ് ഉണ്ടായിരുന്നത്. കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ അഞ്ച് യൂണിറ്റിനെ മറ്റ് ഫയര്‍‌സ്റ്റേഷനുകളിലേക്ക് മാറ്റുകയായിരുന്നു. ജന സുരക്ഷക്ക് അത്യന്താപേക്ഷിതമായ ഇത്തരം സ്ഥാപനങ്ങൾ വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം യഥാസമയം പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമെന്നത് അധികാരികൾ ഓർക്കേണ്ടതാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *