കോട്ടയം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്‌സ്‌മെന്റ് സംഘം കുറ്റപ്പെടുത്തി. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്ക് ലോൺ അനുവദിക്കുകയും പാവപ്പെട്ടവരുടെ ഭൂമി അവർ അറിയാതെ ബാങ്കിൽ പണയപ്പെടുത്തുകയും ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യം ഉണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലരുടെയും വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്തി നോട്ടീസും നൽകിയിരുന്നു. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.