സ്‌കോഡ കാറുകളുടെ ലോകത്തെ മൂന്നാമത്തെ വിപണിയായി ഇന്ത്യ

സ്‌കോഡ കാറുകളുടെ ലോകത്തെ മൂന്നാമത്തെ വിപണിയായി ഇന്ത്യ

മെയ്ഡ് ഇന്‍ ഇന്ത്യ മെയ്ഡ് ഫോര്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യ 2.0 പദ്ധതിയിലൂടെ സ്‌കോഡ കാറുകള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്‌കോഡ ഇന്ത്യയുടെഇന്ത്യ 2.0 പദ്ധതി പ്രകാരം എംക്യുബി-എ.ഒ-ഐ.എന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഈ വിജയത്തിന്റെ പ്രധാന കാരണക്കാരായത്. സ്‌കോഡ ഇന്ത്യയെ ഉയര്‍ച്ചയിലേക്ക് നയിച്ച ഈ രണ്ട് കാറുകളുടേയും 95 ശതമാനം ഘടകങ്ങളും ഇന്ത്യന്‍ നിര്‍മിതമാണെന്ന പ്രത്യേകതയുമുണ്ട്. 2022 സ്‌കോഡ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ശ്രദ്ധേയമായിരുന്നു. ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 44,500 കാറുകളാണ് വിറ്റത്. കുഷാഖ് 2021 ജൂലൈയിലും സ്ലാവിയ 2022 മാര്‍ച്ചിലുമാണ് വിപണിയിലെത്തിയത്. എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ പഞ്ചനക്ഷത്ര പദവി നേടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറായും കുഷാഖ് അംഗീകരിക്കപ്പെട്ടതാണ് സ്‌കോഡ ഇന്ത്യയുടെ മറ്റൊരു പ്രധാന നേട്ടം.

കുഷാഖിന്റെ വാര്‍ഷിക എഡിഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സ്ലാവിയയുടെ സ്‌പെഷ്യല്‍ എഡിഷനും അടുത്ത് വരും. കുഷാഖിന്റേയും സ്ലാവിയയുടേയും മുന്നേറ്റത്തോടൊപ്പം ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായിത്തന്നെ ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിച്ചതും ഇന്ത്യയിലെ മുന്നേറ്റത്തിന് സഹായകമായി. 2021 ഡിസംബറില്‍ ഷോറൂമുകളുടെ എണ്ണം 175 ആയിരുന്നത് ഇപ്പോള്‍ 220 പിന്നിട്ടു. ഈ വര്‍ഷാവസാനത്തോടെ ഇത് 250 ലെത്തുമെന്നാണ് പ്രതീക്ഷ. വളര്‍ച്ചയ്ക്ക് നാഴികക്കല്ലായി മാറിയ ഇന്ത്യ 2.0 യ്ക്ക് തുടക്കം കുറിച്ചത് 2018-ലാണ്. ഇതിന്റെ ഭാഗമായി 2019-ല്‍ പൂനെയില്‍ സ്ഥാപിതമായ ടെക്‌നോളജി സെന്ററാണ് കുഷാഖിന്റേയും സ്ലാവിയയുടേയും ജനനത്തിന് അടിസ്ഥാനമായ എം ക്യുബി-എ.ഒ-ഐ.എന്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയത്.

പുതിയ നേട്ടങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ഡെറാഡൂണില്‍ നടന്ന ആഘോഷത്തില്‍ സ്‌കോഡയെ സംബന്ധിച്ചേടത്തോളം ആഗോള വളര്‍ച്ചയുടെ സിരാകേന്ദ്രമായി ഇന്ത്യ മാറിയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയരക്ടര്‍ പീറ്റര്‍ സോള്‍ക്ക് പറഞ്ഞു. കമ്പനിയുടെ ചെക്ക് റിപ്പബ്ലിക്കിലെ ആസ്ഥാനത്തേക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ നേരത്തെ വിളിച്ചുവരുത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഇന്ത്യയിലാക്കിയത് ഒരു സൂചനയാണെന്നും പീറ്റര്‍ സോള്‍ക്ക് അഭിപ്രായപ്പെട്ടു. വിയറ്റ്‌നാമില്‍ 2024 ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌കോഡ, കുഷാഖിന്റേയും സ്ലാവിയയുടെയും ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് അവിടത്തേക്ക് ഇനി കയറ്റുമതി ചെയ്യുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *